ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിലെ സുബിഗ് ബേയിൽ നിന്ന് പിറന്ന ചരിത്രം. മലയാളിയ്ക്ക് കാഴ്ചയുടെ പുതുശീലമായി മാറിയ നിമിഷം ഇന്ന് മൂന്ന് പതിറ്റാണ്ടിലെത്തുന്നു.

തിരുവനന്തപുരം: മലയാളിയുടെ മാധ്യമ ജീവിതത്തെ അടിമുടി മാറ്റിമറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ആരംഭിച്ചിട്ട് ഇന്ന് മുപ്പത് വർഷം തികയുന്നു. 1995 സെപ്റ്റംബർ 30ന് വൈകുന്നേരം ഏഴരയ്ക്കായിരുന്നു ചരിത്രം കുറിച്ച ആദ്യ സംപ്രേക്ഷണം. ഇന്ത്യയിൽ ആദ്യമായി തത്സമയം ഒരു വാർത്താസംപ്രേഷണം. ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിലെ സുബിഗ് ബേയിൽ നിന്ന് പിറന്ന ചരിത്രം. മലയാളിയ്ക്ക് കാഴ്ചയുടെ പുതുശീലമായി മാറിയ നിമിഷം ഇന്ന് മൂന്ന് പതിറ്റാണ്ടിലെത്തുന്നു.

സ്വകാര്യ ചാനലുകൾക്ക് അന്ന് ഇന്ത്യയിൽ ഉപഗ്രഹങ്ങളുമായി അപ്പ് ലിങ്കിംഗ് സൗകര്യം ഇല്ലാതിരുന്ന കാലമായിരുന്നു അത്. അങ്ങനെയാണ് സുബിഗ് ബേയിലെ തുടക്കം. തുടർന്ന് സിംഗപ്പൂരിൽ നിന്നായി ഏഷ്യാനെറ്റ് ന്യൂസിന്റെ സംപ്രേഷണം. 1999ൽ ഇന്ത്യയിൽ അപ് ലിംങ്കിംഗ് അനുവദിച്ചതോടെ ആദ്യം തമിഴ്നാട്ടിലെ കൊരട്ടൂരിൽ നിന്നും അധികം വൈകാതെ തിരുവനന്തപുരത്തു നിന്നും സംപ്രേഷണം തുടങ്ങി. 1993ൽ പിറവിയെടുത്ത മലയാളത്തിലെ ആദ്യ ടിവി ചാനലായ ഏഷ്യാനെറ്റിന്‍റെ വാർത്താവിഭാഗം 2003ൽ 24 മണിക്കൂർ സംപ്രേക്ഷണം ചെയ്യുന്ന സമ്പൂർണ വാർത്താ ചാനലായി മാറി. 2009ൽ ഏഷ്യാനെറ്റ് ന്യൂസ് സ്വതന്ത്ര ചാനലായി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ വന്നു. ഇന്ന് ദൃശ്യമാധ്യമ രംഗത്ത് മാത്രമല്ല വിവിധ ഭാഷകളിലെ ഡിജിറ്റൽ രംഗത്തും ശക്തമായ സാന്നിധ്യമായി ഏഷ്യാനെറ്റ് ന്യൂസ് എന്ന പേര് സുപരിചിതം.

കഴിഞ്ഞ മുപ്പത് വർഷം ലോകത്ത് എവിടെയുമുളള വാർത്തയും വിശേഷങ്ങളുമെല്ലാം മലയാളി ആദ്യമറിഞ്ഞതും മനസ്സിലാക്കിയതുമെല്ലാം ഏഷ്യാനെറ്റ് ന്യൂസിലൂടെ. ലോകത്ത് എവിടെയുമുള്ള മലയാളി പ്രവാസികൾ സ്വന്തം നാടിനെയറിഞ്ഞതിൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ സംഭാവനയേറെ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ധാരാളം വാർത്താ ചാനലുകൾ മലയാളത്തിൽ രംഗപ്രവേശം ചെയ്തു. പക്ഷേ മലയാളികൾ ഒന്നാം സ്ഥാനത്ത് തുടർച്ചയായി ഏഷ്യാനെറ്റ് ന്യൂസിനെ നിലനിർത്തി. നേരിന്‍റേതാണ് പക്ഷം. നിർഭയം നിരന്തരമുണ്ട് സാന്നിധ്യം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം ഞങ്ങൾക്ക് കരുത്തായി കൂടെ നിന്ന, ഇപ്പോഴും ഞങ്ങൾക്കൊപ്പം തുടരുന്ന മലയാളിക്ക് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഹൃദയം നിറഞ്ഞ നന്ദി.

Asianet News Live | Malayalam News Live | Kerala News | Breaking News Live | Actor Vijay Rally | TVK