വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ വിഭാഗത്തിലെ ഏറ്റവും മികച്ച ഡോക്യുമെന്‍ററിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് 'കടലമ്മ'യ്ക്ക് ലഭിച്ചത്. ഷഫീഖാന്‍ എസ് സംവിധാനം ചെയ്ത കടലമ്മയക്ക് ക്യാമറ ചലിപ്പിച്ചത് രാജീവ് സോമശേഖരനാണ്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ ഇന്ത്യയിലെ ആദ്യ വനിത രേഖ കാര്‍ത്തികേയന്‍റെ ജീവിതകഥ പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഡോക്യുമെന്‍റിക്ക് കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ വിഭാഗത്തിലെ ഏറ്റവും മികച്ച ഡോക്യുമെന്‍ററിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് 'കടലമ്മ'യ്ക്ക് ലഭിച്ചത്. ഷഫീഖാന്‍ എസ് സംവിധാനം ചെയ്ത കടലമ്മയക്ക് ക്യാമറ ചലിപ്പിച്ചത് രാജീവ് സോമശേഖരനാണ്. കടലിലും കരയിലുമായുള്ള രേഖയുടെ ജീവിതം അവതരിപ്പിച്ച ഷഫീഖാന് ശില്‍പവും പ്രശസ്തി പത്രവും ലഭിക്കും.

ആഴക്കടലിലെ കടലമ്മ എന്ന ഡോക്യുമെന്‍ററിയെക്കുറിച്ച്

ഉള്‍ക്കരുത്തൊന്നു മാത്രം തുണയാക്കി ഓളങ്ങളെ വകഞ്ഞ് അന്നം കണ്ടെത്തുന്ന ഒരു സ്ത്രീ. അതെ, രേഖ കാര്‍ത്തികേയന്‍... ഇന്ത്യയില്‍ ആദ്യമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ വനിത. ചാവക്കാട് ചേറ്റുവ കടപ്പുറത്തിന് മാത്രമല്ല, കേരളത്തിന് തന്നെ അഭിമാനമാണ് ഈ പെണ്‍ജീവിതം.

അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് കാലി ചായയും കുടിച്ച് രേഖ ജോലിക്കിറങ്ങും. കൂട്ടിന് ഭര്‍ത്താവ് കാര്‍ത്തികേയനുമുണ്ടാകും. നാല് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തില്‍, തനിക്ക് താഴെയുള്ള മൂന്നുപേരുടെ കാര്യങ്ങള്‍ പ്ലസ് ടുക്കാരിയായ മായ നോക്കും. 

ഉള്‍ക്കടലിന്‍റെ ഓളങ്ങള്‍ വകഞ്ഞ് മത്സ്യബന്ധനം നടത്തി 12 മണിയോടെ രേഖയും കാര്‍ത്തികേയനും തിരിച്ചുവരും. ചേറ്റുവ ഹാര്‍ബറില്‍ മീന്‍ വിറ്റ ശേഷം വീട്ടിലെത്തി വിശ്രമം. വൈകുന്നേരം മൂന്നു മണിയോടെ അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങള്‍. അങ്ങനെ പോകുന്നു രേഖയുടെയും കുടുംബത്തിന്‍റെയും ജീവിതം.

കരുത്തുറ്റ പെണ്‍ജീവിതത്തിന്‍റെ കാണാക്കാഴ്ചകളും പത്ത് മാറ് ഉള്‍ക്കടലില്‍ (15 കിലോ മീറ്ററോളം) പോയി മത്സബന്ധനം നടത്തുന്നതിന്‍റെ നേര്‍ക്കാഴ്ചകളും ഒപ്പിയെടുത്ത് ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം തയ്യാറാക്കിയ ദൃശ്യാവിഷ്കാരത്തിലേക്ക്...

"