മുനമ്പം വഖഫ് ഭൂമി കേസിൽ നിവാസികൾക്ക് പോക്കുവരവ്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ അനുവദിക്കാനുള്ള എറണാകുളം ജില്ലാ കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് നടപടി.
കൊച്ചി: മുനമ്പം വഖഫ് ഭൂമി കേസിൽ മുനമ്പം നിവാസികൾക്ക് പോക്കുവരവ്, കൈവശാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയവ അനുവദിക്കാനുളള എറണാകുളം ജില്ലാ കല്കടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുനമ്പത്തെ കൈവശക്കാരിൽ നിന്ന് വസ്തു നികുതി ഇടാക്കാൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നിലെയാണ് പോക്കുവരവ് നടത്താമെന്നും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാമെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടത്. ഇതിനെതിരായ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.
കഴിഞ്ഞയാഴ്ച്ച മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ പരിഗണിച്ച കോടതി സംസ്ഥാന സർക്കാർ എന്തുകൊണ്ട് അപ്പീൽ നല്കിയില്ലെന്ന ചോദ്യം ഉന്നയിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് അധികാര പരിധി മറികടന്നാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി അപ്പീൽ വീണ്ടും പരിഗണിക്കുന്ന അടുത്തമാസം 27വരെ തൽസ്ഥിതി തുടരാൻ നിർദേശിച്ചു.
ഹർജിയിലെ ആവശ്യങ്ങൾക്കപ്പുറം പോയെന്ന് നിരീക്ഷിച്ചാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മുനമ്പം ഭൂമി തർക്കത്തിന് പരിഹാരം കാണാൻ സർക്കാർ കമ്മിഷനെ നിയമിച്ചത് ചോദ്യംചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹർജി. ഭൂമിതർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ ഹൈക്കോടതി ഭൂമിയുടെ സ്വഭാവം നിർണയിച്ചതിൽ സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാരിനും സംസ്ഥാന വഖഫ് ബോർഡിനും തടസഹർജി നൽകിയ മറ്റുകക്ഷികൾക്കും നോട്ടീസയച്ചു. ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
അടുത്തമാസം 27ന് ഹർജി വീണ്ടും പരിഗണിക്കുന്നതുവരെ തൽസ്ഥിതി തുടരാനും ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. അതേസമയം, മുനമ്പം പ്രശ്ന പരിഹാരത്തിന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷനെ നിയമിച്ചത് ശരിവച്ച ഹൈക്കോടതി നടപടിക്ക് സ്റ്റേ ബാധകമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. കമ്മീഷന് പ്രവർത്തനം തുടരാം. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നതെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ തന്നെ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കേരള വഖഫ് ബോര്‍ഡ് അറിയിച്ചു. ഹർജിക്കാരുടെ ആവശ്യത്തോട് യോജിപ്പാണെന്നും വഖഫ് ബോർഡ് വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നു പ്രഖ്യാപിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു വഖഫ് സംരക്ഷണ വേദിയുടെ വാദം. ഹർജി നൽകിയവർ മുനമ്പം ഭൂമിയുമായി ബന്ധമില്ലാത്തവരാണെന്നായിരുന്നു സർക്കാരിൻറെ വാദം. കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയങ്ങളിലൊന്ന് വീണ്ടും സജീവമാകാൻ തൽസ്ഥിതി നിലനിറുത്താനുള്ള കോടതി ഉത്തരവ് ഇടയാക്കിയേക്കും.


