കേരളത്തിൽ തുടങ്ങി രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ ആറ് ബിസിനസ് സംരംഭകരെ ഏഷ്യാനെറ്റ് ന്യൂസ് ആദരിച്ചു. 'പ്രസ്റ്റീജ്യസ് ബ്രാൻഡസ് ഓഫ് കേരളം' എന്ന പേരിൽ നടന്ന ചടങ്ങിൽ വി.ഡി.സതീശൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സംരംഭകരുടെ വിജയകഥകൾ ഉൾപ്പെടുത്തിയ പ്രത്യേക കോഫിടേബിൾ ബുക്കും ചടങ്ങിൽ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: കേരളത്തിൽ തുടങ്ങി രാജ്യാന്തര ബ്രാൻഡുകളായി വളർന്ന ബിസിനസ് സംരംഭകരെ ആദരിച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രസ്റ്റീജ്യസ് ബ്രാൻഡസ് ഓഫ് കേരളം. മികവിലേക്കുയർന്ന ആറ് ബ്രാൻഡുകളെ നയിക്കുന്നവരാണ് മുഖ്യമന്ത്രി വി.ഡി.സതീശനിൽ നിന്ന് ആദരമേറ്റുവാങ്ങിയത്.
കേരളത്തിന്‍റെ അഭിമാനമായ ബ്രാൻഡുകൾ, സമർപ്പണവും കഠിനാധ്വാനവും കൈമുതലാക്കിയ ആറ് വിജയ മാതൃകകൾ. നമ്മുടെ നാട്ടിൽ തുടങ്ങി അതിരില്ലാതെ വളർന്ന സംരംഭങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആദരം. മുഖ്യാതിഥിയായി മുഖ്യമന്ത്രി വി.ഡി.സതീശൻ ചടങ്ങിൽ ഭാഗമായി. ഡെന്‍റ് കെയർ ഡെന്‍റൽ ലാബിന്‍റെ ചെയർമാൻ ജോൺ കുര്യാക്കോസ്, മുരള്യ ഡയറി എംഡി കെ.മുരളീധരൻ, ഗ്ലോബൽ എഡ്യുക്കേഷണൽ കൺസൾട്ടൻസ് സ്ഥാപകനും സിഇഓയുമായ മനോജ് പുത്തൻപീടികയിൽ, സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് ചെയർമാൻ ജോബി ജോർജ്, ലീഡ് ഐഎഎസ് അക്കാദമി മാനേജിങ് ഡയറക്ടർ ഡോ.അനുരൂപ് സണ്ണി, ഡയറക്ടർ റിഷിരാജ് സിങ്, ഏഷ്യൻ ഡെവലപ്പേഴ്സ് എംഡി പി.സി.ജോസ് എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് ആദരം ഏറ്റുവാങ്ങി. പ്രത്യേക കോഫിടേബിൾ ബുക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വെല്ലുവിളികൾ മറികടന്നുളള വിജയകഥകൾ ആദരമേറ്റുവാങ്ങിയ ആറ് പേരും പങ്കുവച്ചു. വളർച്ചയുടെ പടവുകളിലേക്ക് കയറിയ വഴികളും പുതിയ സാധ്യതകളും ആശയങ്ങളും സംവാദത്തിൽ ചർച്ചയായി.


