വർക്കലയിൽ മക്കൾ സംരക്ഷിക്കാത്തതിനെ തുടർന്ന് വീടിനു മുകളിൽ നിന്ന് ചാടാൻ ശ്രമിച്ച 83-കാരിയായ സുധയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ്‌ വാർത്തയെ തുടർന്ന് സർക്കാർ സംവിധാനങ്ങൾ ഇടപെടുകയും ഇവരെ തിരുവനന്തപുരത്തെ സ്നേഹാലയത്തിലേക്ക് മാറ്റുകയും ചെയ്തു.

തിരുവനന്തപുരം: വർക്കലയിൽ വീടിനു മുകളിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ച വയോധികയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ്‌ വാർത്ത തുണയായി. വർക്കല തറട്ട സ്വദേശി സുധയെ (83) തിരുവനന്തപുരത്തെ സ്നേഹാലയത്തിലേക്ക് മാറ്റി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഞായറാഴ്ചയിലും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചു. വയോധികയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്ന ഉത്തരവ് സബ് കളക്ടർ പുറപ്പെടുവിച്ചു. തുടർന്നാണ് സാമൂഹ്യ ക്ഷേമനീതി വകുപ്പ് അധികൃതർ ചെമ്മരുതി പഞ്ചായത്ത് അധികൃതരെ ബന്ധപ്പെടുകയും ഇന്നു തന്നെ വയോധികയെ സ്നേഹാലയത്തിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തത്.

സംരക്ഷിക്കാൻ ആളില്ലാത്ത വിഷമത്തിലാണ് വയോധിക വീടിന്‍റെ സൺഷേഡിൽ കയറി താഴേക്ക് ചാടാൻ ശ്രമിച്ചത്. ഇവരെ നാട്ടുകാർ ഇടപെട്ടാണ് താഴെ ഇറക്കിയത്. ഇന്ന് രാവിലെയാണ് വീടിന്‍റെ സൺഷേഡിൽ അപകടകരമായ സാഹചര്യത്തിൽ നാട്ടുകാർ ഇവരെ കണ്ടത്. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾ ഏറെയുള്ള വയോധിക ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. മൂന്ന് ആൾമക്കളുള്ള സുധയെ സംരക്ഷിച്ചിരുന്ന രണ്ടാമത്തെ മകൻ മരിച്ചിരുന്നു. ബാക്കി രണ്ട് മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതി ജാഗ്രതാ സമിതി പലവട്ടം ചർച്ച ചെയ്തിട്ടും തീരുമാനം ആയില്ലെന്നും കളക്ട്ട്രേറ്റിൽ വിളിച്ച ഹിയറിംഗിന് മക്കൾ ഹാജരായില്ലെന്നും നാട്ടുകാരും ജനപ്രതിനിധികളും പറഞ്ഞു.