മഴ പെയ്യുമ്പോള്‍ കുഞ്ഞുങ്ങളുമായി അടുക്കളയിൽ ചുരുണ്ടുകൂടേണ്ടിവരുന്നതിന്റെ വേദന തകര ഷെഡ്ഡിനുള്ളില്‍ കഴിയുന്ന നൂര്‍ജഹാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് പുറമ്പോക്കിൽ ദുരിതജീവിതം നയിക്കുന്ന 16 കുടുംബങ്ങൾക്ക് സഹായവുമായി നിരവധി സുമനസ്സുകള്‍. പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് ശശി തരൂർ എം പി ഇടപെട്ട് ഫോണും ടിവിയും കൈമാറി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഉദ്യോഗസ്ഥരും ശിശു സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളുൾപ്പെടെ തകര ഷെഡിനുളളിൽ ദുരിതജീവിതം നയിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പ്രായമായവരും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ നേരിടുന്ന ദുരിത ജീവിതം പുറം ലോകമറിഞ്ഞതോടെ നിരവധി പേരാണ് സഹായവുമായി എത്തിയത്. ഒരു വാർത്തയുടെ ദൂരത്തിനിപ്പുറം തിരുവനന്തപുരം കോവളത്തെ 16 കുടുംബങ്ങളിലേക്ക് സഹായത്തിന്റെയും സ്വാന്ത്വനിപ്പിക്കലിന്റെയും വിളികൾ എത്തിയിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ കുഞ്ഞുങ്ങളുമായി അടുക്കളയിൽ ചുരുണ്ടുകൂടേണ്ടിവരുന്നതിന്റെ വേദന തകര ഷെഡ്ഡിനുള്ളില്‍ കഴിയുന്ന നൂര്‍ജഹാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചിരുന്നു.

കോവളത്തെ കുടുംബങ്ങളുടെ ദുരിത ജീവിതമറിഞ്ഞ് ശശി തരൂർ എംപി നൂർജഹാനെ ഫോണിൽ വിളിച്ച് വിവരം തിരക്കി. ടിവിയോ ഫോണോ ഇല്ലാത്തതിനാൽ മകന് പഠിക്കാനാകുന്നില്ലെന്ന് സങ്കടം പറഞ്ഞ ബുഷ്റയ്ക്ക് കുഞ്ഞുങ്ങള്‍ക്ക് പഠന സൗകര്യമില്ലാത്തിനായി ശശി തരൂർ ഇടപെട്ട് ടിവിയും ഫോണും കൈമാറി. കോവളം എംഎൽഎ എം വിൻസെന്‍റിന്‍റെ നിർദ്ദേശപ്രകാരം വീടുകളിൽ ഭക്ഷ്യകിറ്റുകളും മരുന്നുകളും എത്തിച്ചു.

കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളുടെ അവസ്ഥ പരിശോധിച്ച് ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥർ സിഡബ്ലയുസിക്ക് റിപ്പോർട്ട് കൈമാറും. ഇഴജന്തുക്കളെ പേടിക്കാതെ കിടന്നുറങ്ങാൻ അടച്ചുറപ്പുളള ഒരു വീടെന്ന ആഗ്രഹം ഇപ്പോഴും ബാക്കിയാണ് 16 ഓളം കുടുംബങ്ങള്‍ക്ക്. അതും വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
