Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് ഏഷ്യാനെറ്റ് ന്യൂസ് വാഹനത്തിന് നേരെയും ആക്രമണം, ഇരുമ്പുവടികൊണ്ടടിച്ച് മുഖം മൂടി സംഘം  

കോഴിക്കോട് നഗരത്തിലെ നാലാം ഗേറ്റിന് സമീപത്ത് വെച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിൽ അക്രമികള്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചു.

asianet news kozhikode team vehicle  attacked on pfi hartal day
Author
First Published Sep 23, 2022, 12:41 PM IST

കോഴിക്കോട് :  പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ ആക്രമണം. പലയിടത്തും സമരാനുകൂലികൾ വാഹനങ്ങളും സ്ഥാപനങ്ങളും അടിച്ചുതകർത്തുകോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. കോഴിക്കോട് നഗരത്തിലെ നാലാം ഗേറ്റിന് സമീപത്ത് വെച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിൽ അക്രമികള്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചു. ഇരുചക്ര വാഹനത്തിൽ എത്തിയവരാണ് അക്രമം നടത്തിയത്. മുഖംമൂടി ധരിച്ച് ഇരുചക്രവാഹനത്തിലെത്തിയ സംഘം വാഹനം തടഞ്ഞ് നിർത്തിയ ശേഷമാണ് ആക്രമിച്ചത്. മാധ്യമ സ്ഥാപനത്തിന്റെ വാഹനമെന്ന് തിരിച്ചറിഞ്ഞ സംഘം കൂടുതൽ ആക്രമണത്തിന് മുതിരാതെ മറ്റൊരുഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയി. 

ഹർത്താലിന്റെ മറവിൽ മൂടി ധരിച്ചെത്തിയ സംഘം നഗരത്തിലാകെ ആക്രമണം അഴിച്ചുവിടുകയാണ്. ഈ സംഘം പിന്നീട് മറ്റ് വാഹനങ്ങളും കടകളും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ആക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ സംഘം ഒരു ഹോട്ടലിൽ ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

 

 

അതിനിടെ, ഹർത്താലിനെതിരെ കോടതിയിൽ നിന്നും രൂക്ഷ വിമർശനമാണുണ്ടായത്. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ സ്വമേധയാ കേസും എടുത്തു. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കാൻ  നിർദ്ദേശിച്ച കോടതി പൊതുഗതാഗതത്തിന് സുരക്ഷ ഒരുക്കാനും പൊലീസിന് ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി. 7 ദിവസം മുൻപ് നോട്ടീസ് നൽകാതെയുള്ള മിന്നൽ ഹർത്താൽ കോടതി നിരോധിച്ചിട്ടും ഹർത്താൽ ആഹ്വാനം ചെയ്ത പിഎഫ്ഐ നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 

'പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം, താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്നതിന്‍റെ രേഖകൾ കിട്ടി': എന്‍ ഐ എ

ജനജീവിതം സ്തംഭിപ്പിച്ചുള്ള ഇത്തരം ആഹ്വാനങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് പൊലീസ് നേരിടണമെന്നും കോടതി നിലപാടെടുത്തു. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബ‌ഞ്ച് അക്രമം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പൊതുസ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ പൊലീസിന് ബാധ്യതയുണ്ട്. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ ഉറപ്പാക്കുകയും വേണം. നിയമ വിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷണിക്കണം. അക്രമം നടത്തുന്നവർക്കെതിരെം പൊതുമുതൽ നശിപ്പിക്കുന്നതിനും ഐപിസിയിലെ വകുപ്പും ഉപയോഗിച്ച് കേസ് എടുക്കണം. ഇതിന്‍റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കാനും ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാ‍ര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് വ്യക്തമാക്കി. പിഎഫ്ഐ ഹർത്താലിൽ വ്യാപകമായ അക്രമം ഉണ്ടായ പശ്ചത്തലത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. 

Follow Us:
Download App:
  • android
  • ios