കൊച്ചി:ആതുരശുശ്രൂഷാരംഗത്തെ 36 കൊല്ലം നീണ്ട പ്രവർത്തനങ്ങളാണ് ലൂസിയമ്മയെ പുരസ്കാരനേട്ടത്തിലേക്ക് എത്തിച്ചത്. അംഗീകാരം ഇത് വരെയുള്ള ജീവിതത്തിൽ വഴികാട്ടിയായ എല്ലാ അധ്യാപകർക്കും സമർപ്പിക്കുന്നതായി ചടങ്ങിൽ ലൂസിയമ്മ പറഞ്ഞു. ഏറെ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഓരോ നഴ്സുമാരും മറ്റുള്ളവർക്കായി സേവനം അനുഷ്ഠിക്കുന്നതെന്നും നഴ്സുമാരെ അംഗീകരിക്കാനുള്ള ശ്രമങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്നും ഡോ.ലൂസിയമ്മ ജോസഫ് വ്യക്തമാക്കി. 

ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സ്റ്റാഫ് നഴ്സായി 1985ൽ ഔദ്യോഗിക ജീവിതമാരംഭിച്ച ലൂസിയമ്മ ജോസഫ് ആതുരശുശ്രൂഷയുടെ ലോകത്തെ മൂന്ന് പതിറ്റാണ്ടിന്റെ കർമ്മസാഫല്ല്യമാണ്. വ്യാധിയാൽ വലഞ്ഞ ലക്ഷോപലക്ഷം മനുഷ്യർക്കെന്നുമത്താണിയായി നിന്ന തിരുവനന്തപുരം മെഡിക്കൽ കോളജും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും പകർന്ന പാഠങ്ങളുമായി എൺപതുകൾക്കൊടുവിൽ ആണ് തിരുവനന്തപുരത്തെ ഗവൺമെന്റ് കോളജ് ഓഫ് നഴ്സിംഗിലെ ട്യൂട്ടറുടെ പുതിയ വേഷത്തിലേക്ക് ലൂസിയമ്മ ചേക്കേറിയത്. ഏതാണ്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ഇതേ സ്ഥാപനത്തിലെ അസ്സോസിയേറ്റ് പ്രൊഫസറായി ലൂസിയമ്മ തുടരുകയാണ്.

ലൂസിയമ്മയുടെ കർമ്മജീവിതത്തിലെ ഏറ്റവും ദീർഘമായ അരങ്ങ് കോളജ് ഓഫ് നഴ്സിംഗാണ്. 1985 ൽ ആണ് ബി എസ് സി നഴ്സിംഗ്  പഠനം ലൂസിയമ്മ  പൂർത്തിയാക്കിയത്. അതേ വർഷം ഈ സ്ഥാപനത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയും ആയി ലൂസിയമ്മ. 98ൽ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗിൽ എം എസ് സിയും 2011ൽ പി എച് ഡിയും നേടി ആതുരശുശ്രൂഷ രംഗത്തെ സേവനങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നു.

മയോപ്യയും കുട്ടികളുടെ അക്കാദമിക് നേട്ടങ്ങളും, അൾഷിമേഴ്സ് രോഗികളുടെ വീട്ടുപരിരക്ഷ, ന്യൂറോളജിക്കൽ ആന്റ് കാർഡിയോ വാസ്കുലാർ നഴ്സിംഗ്, റ്യുമാറ്റിക് ഹാർട്ട് ഡിസീസ്, വാൽവ് റിപ്ലേസ്മെന്റ്, മെനിഞ്ജൈറ്റിസ് ആന്റ് ബ്രെയിൻ ട്യൂമർസ് തുടങ്ങി ദേശീയവും അന്തർദ്ദേശീയവുമായ പ്രബന്ധാവതരണങ്ങൾ,  ജേണൽ ഓഫ് നഴ്സിംഗ് റിസർച്ച് ഉൾപ്പടെയുള്ള ശാസ്ത്രപ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ, മുപ്പതോളം ഗവേഷണപ്രബന്ധങ്ങൾക്കുള്ള ഗൈഡ്, കോൺഫെറൻസുകൾ  വർക് ഷോപ്പുകൾ, പരിശീലന പരിപാടികൾ, എ. പി. ജ. അബ്ദുൾ കലാം ഗോൾഡ് മെഡൽ, മദർ തെരേസ ഗോൾഡ് മെഡൽ തുടങ്ങിയ പരസ്കാരങ്ങൾ. ലക്ഷോപലക്ഷം മനുഷ്യരുടെ മരണവെപ്രാളങ്ങളിൽ തുണനിൽക്കേണ്ട ആതുരസേവകരുടെ പല തലമുറകളെ വാർത്തെടുത്ത ലൂസിയമ്മ ജോസഫ് കരുണയുടെ പാഠങ്ങളിന്നും തുടരുകയാണ്.