Asianet News MalayalamAsianet News Malayalam

മാലാഖമാര്‍ക്ക് ആദരം: ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജീവിതം മുഴുവന്‍ ആതുരസേവനരംഗത്തിനായി മാറ്റിവച്ചവരെ ആദരിക്കാന്‍ ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സിസ്റ്ററമ്മ എന്ന പേരിലറിയപ്പെടുന്ന തിരുവനന്തപുരം പേയാട് സ്വദേശി കെ. ശർമ്മിളയ്ക്കാണ്. ഇത് കൂടാതെ നഴ്സിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നഴ്സിനുള്ള സെപ്ഷ്യൽ ജൂറി അവാർഡ് പാലക്കാട്ടെ അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിൽ 21 വർഷം തുടർച്ചയായി ആതുരശുശ്രൂഷ ചെയ്ത ആൻസില മാത്യു നേടി

asianet news nursing excellence awards distributed in kochi
Author
Le Méridien Kochi, First Published Oct 6, 2019, 9:48 PM IST

കൊച്ചി: ആതുര ചികിത്സാരംഗത്ത് മികവ് തെളിയിച്ച നഴ്സിംഗ് ജീവനക്കാരെ ആദരിക്കാനായി ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയ നഴ്സിംഗ് എക്സലെൻസ് അവാർഡ്  2019 വിതരണം ചെയ്തു. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നഴ്സിംഗ് മേഖലയിലെ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച സംസ്ഥാനത്തെ നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് പേർക്ക് പുരസ്കാരം നല്‍കി.

പുരസ്കാര നിര്‍ണയത്തില്‍ അവസാന റൗണ്ടുകളിലെത്തിയവരേയും ആദരിച്ചു. ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ഏഷ്യാനെറ്റ് ന്യൂസ് ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ഡയറക്ട്ടര്‍ ഫ്രാങ്ക് പി തോമസ്, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ആശുപത്രിയിലെത്തുന്ന രോഗികളെ സ്നേഹത്തോടെ പരിചരിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഭൂമിയിലെ മാലാഖമാർക്ക് ഇത്തരമൊരു ചടങ്ങിലൂടെ ആദരം അർപ്പിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ആരോഗ്യ സുരക്ഷ രംഗത്തെ നഴ്സുമാരുടെ മികച്ച സേവനങ്ങൾക്കാണ് അംഗീകാരം നല്‍കിയത് . സ്ഥാനത്തൊട്ടാകെ നിന്ന് വന്ന നോമിനേഷനുകളിൽ നിന്ന് ഏറ്റവും മികവ് തെളിയിച്ച ആറ് പേർക്കാണ് ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലെൻസ് അവാർഡ് 2019 സമ്മാനിച്ചത്. 

പുതുതായി നഴ്സിംഗ് മേഖലയിൽ പ്രവേശിച്ചവർക്കായി ഏര്‍പ്പെടുത്തിയ റൈസിംഗ് സ്റ്റാർ അവാർഡ് കോട്ടയം സ്വദേശി ആൻ മേരി വർഗീസ് കരസ്ഥമാക്കി.  ആതുരസേവന രംഗത്തേക്ക് യുവതി യുവാക്കളെ കൈപിടിച്ചുയർത്തുന്ന നഴ്സിംഗ് അധ്യാപകർക്കായി ബെസ്റ്റ് ടീച്ചർ അവാർഡ് തിരുവനന്തപുരത്തെ ഗവൺമെന്റ് കോളജ് ഓഫ് നഴ്സിംഗിലെ  അസ്സോസിയേറ്റ് പ്രൊഫസര്‍ ലൂസിയാമ്മ ജോസഫ് കരസ്ഥമാക്കി.

കർമ്മരംഗത്ത് മികവ് തെളിയിച്ച നഴ്സിന് ക്ലിനിക്കൽ എക്സലൻസ് അവാർഡ് ഇടുക്കി സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമായ ഉഷാകുമാരിക്ക് ലഭിച്ചത്. നഴ്സിംഗ് രംഗത്തെ ഭരണമികവിനുള്ള അഡ്മിനിസ്ട്രേറ്റര്‍ അവാര്‍ഡ് 36 വർഷമായി നഴ്സിംഗ് രംഗത്തുള്ള ലിസിയമ്മ ജേക്കബിന് ലഭിച്ചു. ജീവിതം മുഴുവന്‍ ആതുരസേവനരംഗത്തിനായി മാറ്റിവച്ചവരെ ആദരിക്കാന്‍ ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സിസ്റ്ററമ്മ എന്ന പേരിലറിയപ്പെടുന്ന തിരുവനന്തപുരം പേയാട് സ്വദേശി കെ. ശർമ്മിളയ്ക്കാണ്.

ഇത് കൂടാതെ നഴ്സിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നഴ്സിനുള്ള സെപ്ഷ്യൽ ജൂറി അവാർഡ് പാലക്കാട്ടെ അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിൽ 21 വർഷം തുടർച്ചയായി ആതുരശുശ്രൂഷ ചെയ്ത ആൻസില മാത്യു നേടി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങുന്നതാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. മറ്റ് കാറ്റഗറികളിൽ വിജയികളാകുന്നവർക്ക് അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടാം - 

1 )റൈസിംങ് സ്റ്റാർ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായ ആൻ മേരി വർഗീസ്
 

പഠനത്തിലും പാഠ്യേതര വിഷയത്തിലും ഒരു പോലെ മികവ് തെളിയിച്ചാണ് ആൻ മേരി വർഗീസ് ഏഷ്യാനെറ്റ് ന്യൂസിന്റെ നഴ്സിംഗ് എക്സലൻസ് അവാർഡ് 2019ലെ റൈസിംഗ് സ്റ്റാർ വിഭാഗത്തിൽ ജേതാവായത്. ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് നഴ്സിംഗിലെ പഠനകാലത്ത് ഉന്നതമായ പഠനനിലവാരത്തിനൊപ്പം മികച്ചൊരു പ്രാസംഗികയായും നേതൃപാഠവമുള്ള സംഘാടകയായും അഭിനേത്രിയായും ആൻ മേരി കഴിവ് തെളിയിച്ചു. ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി തെരുവുനാടകങ്ങളിലും സജീവസാന്നിധ്യമായിരുന്നു ആൻ മേരി വർഗീസ്.

യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലറായും , ഡിബേറ്റ്, ഇംഗ്ലീഷ് പ്രസംഗം, കഥാമത്സരം, സ്കിറ്റ് എന്നിവയിൽ സംസ്ഥാനതലത്തിൽ നിരവധി സമ്മാനങ്ങൾ നേടി മികച്ചൊരു നഴ്സിംഗ് വിദ്യാർത്ഥി കാലഘട്ടത്തിലൂടെയാണ് ആൻ മേരി വളർന്നു വന്നത്. വ്യത്യസ്ഥമായ മേഖലയിലെ ഈ മുന്നേറ്റമാണ് ആൻ മേരി വർഗീസ് എന്ന കോട്ടയം സ്വദേശിയെ റൈസിംഗ് സ്റ്റാർ പുരസ്കാരത്തിന് അർഹയാക്കിയത്.

2 )മികച്ച അധ്യാപികക്കുള്ള പുരസ്കാരത്തിന് അർഹയായ ലൂസിയമ്മ ജോസഫ്.

ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സ്റ്റാഫ് നഴ്സായി 1985ൽ ഔദ്യോഗിക ജീവിതമാരംഭിച്ച ലൂസിയമ്മ ജോസഫ് ആതുരശുശ്രൂഷയുടെ ലോകത്തെ മൂന്ന് പതിറ്റാണ്ടിന്റെ കർമ്മസാഫല്ല്യമാണ്. വ്യാധിയാൽ വലഞ്ഞ ലക്ഷോപലക്ഷം മനുഷ്യർക്കെന്നുമത്താണിയായി നിന്ന തിരുവനന്തപുരം മെഡിക്കൽ കോളജും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും പകർന്ന പാഠങ്ങളുമായി എൺപതുകൾക്കൊടുവിൽ ആണ് തിരുവനന്തപുരത്തെ ഗവൺമെന്റ് കോളജ് ഓഫ് നഴ്സിംഗിലെ ട്യൂട്ടറുടെ പുതിയ വേഷത്തിലേക്ക് ലൂസിയമ്മ ചേക്കേറിയത്. ഏതാണ്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ഇതേ സ്ഥാപനത്തിലെ അസ്സോസിയേറ്റ് പ്രൊഫസറായി ലൂസിയമ്മ തുടരുന്നു.

ലൂസിയമ്മയുടെ കർമ്മജീവിതത്തിലെ ഏറ്റവും ദീർഘമായ അരങ്ങ് കോളജ് ഓഫ് നഴ്സിംഗാണ്. 1985 ൽ ആണ് ബി എസ് സി നഴ്സിംഗ്  പഠനം ലൂസിയമ്മ  പൂർത്തിയാക്കിയത്. അതേ വർഷം ഈ സ്ഥാപനത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയും ആയി ലൂസിയമ്മ. 98ൽ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗിൽ എം എസ് സിയും 2011ൽ പി എച് ഡിയും നേടി ആതുരശുശ്രൂഷ രംഗത്തെ സേവനങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നു.

മയോപ്യയും കുട്ടികളുടെ അക്കാദമിക് നേട്ടങ്ങളും, അൾഷിമേഴ്സ് രോഗികളുടെ വീട്ടുപരിരക്ഷ, ന്യൂറോളജിക്കൽ ആന്റ് കാർഡിയോ വാസ്കുലാർ നഴ്സിംഗ്, റ്യുമാറ്റിക് ഹാർട്ട് ഡിസീസ്, വാൽവ് റിപ്ലേസ്മെന്റ്, മെനിഞ്ജൈറ്റിസ് ആന്റ് ബ്രെയിൻ ട്യൂമർസ് തുടങ്ങി ദേശീയവും അന്തർദ്ദേശീയവുമായ പ്രബന്ധാവതരണങ്ങൾ,  ജേണൽ ഓഫ് നഴ്സിംഗ് റിസർച്ച് ഉൾപ്പടെയുള്ള ശാസ്ത്രപ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ, മുപ്പതോളം ഗവേഷണപ്രബന്ധങ്ങൾക്കുള്ള ഗൈഡ്, കോൺഫെറൻസുകൾ വർക്ഷോപ്പുകൾ, പരിശീലന പരിപാടികൾ, എ. പി. ജ. അബ്ദുൾ കലാം ഗോൾഡ് മെഡൽ, മദർ തെരേസ ഗോൾഡ് മെഡൽ തുടങ്ങിയ പരസ്കാരങ്ങൾ. ലക്ഷോപലക്ഷം മനുഷ്യരുടെ മരണവെപ്രാളങ്ങളിൽ തുണനിൽക്കേണ്ട ആതുരസേവകരുടെ പല തലമുറകളെ വാർത്തെടുത്ത ലൂസിയമ്മ  ജോസഫ് കരുണയുടെ പാഠങ്ങളിന്നും തുടരുകയാണ്.

3 ) ക്ലിനിക്കൽ എക്സലൻസ് വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായ ഉഷാകുമാരി പി കെ

വൈദ്യശാസ്ത്രം പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു, മഹാരോഗങ്ങൾ വേട്ട തുടർന്നുകൊണ്ടേയിരിക്കുന്നു. മഹാവ്യാധികൾ പലതും ജീവിതശൈലി രോഗങ്ങളായി മാറുന്ന കാലത്ത് മനസ്സാക്ഷിയുള്ള ആതുരസേവകർക്ക് പൊന്നുംവിലയാണ് കേരളത്തിൽ. ആസന്നരോഗഭീതികളിലന്തിച്ചുനിൽക്കുന്ന മനുഷ്യർക്കിടയിലേക്കാണ് പ്രതീക്ഷയായി ഉഷാകുമാരി കടന്നു വരുന്നത്. തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ആതുര സേവനത്തിനിറങ്ങിയ ഉഷാകുമാരിയുടെ സേവനത്തിന് ഇരുപത്തിമൂന്ന് വർഷം പ്രായം ഉണ്ട്. ആലപ്പുഴയും കണ്ണൂരും പിന്നിട്ട് ഇടുക്കിയുടെ മലമേടുകളിലേക്കെത്തിയ ഉഷാകുമാരി പതിനെട്ടുവർഷങ്ങൾ ആ ഗിരിവാസികൾക്കൊപ്പം നിന്നു. വ്യാധികൾ ദുരന്തമായും പ്രകൃതിയും സൗന്ദര്യമായും വർഷിക്കുന്ന മണ്ണിൽ ഉഷാകുമാരി പ്രയത്നിച്ചു.

നെടുങ്കണ്ടം താലൂക്കാശുപത്രിയും, ഇടുക്കി ജില്ലാ ആശുപത്രിയും, കാമാക്ഷിയിലെ പൊതുജനാരോഗ്യകേന്ദ്രവും കടന്ന് 2010 മുതൽ തൊടുപുഴ ജില്ല ആശുപത്രിയിൽ ഇൻഫെക്ഷൻ കൺട്രോൾ, പാലിയേറ്റീവ് കെയർ, എന്നീ രംഗങ്ങളിലും അതിന്റെ പരിശീലനപരിപാടികളിലും ഉഷാകുമാരിയുണ്ട്. അതിൽ ഹോംകെയർ മുതൽ പുനരധിവാസവും ഉപജീവനവും കുടുംബസംഗമവും വരെയുള്ള  സഹായങ്ങളുമായി ഉഷാകുമാരി രോഗികൾക്കൊപ്പം നിന്നു.

ഇടുക്കി ജില്ലയിലെ പാലിയേറ്റീവ് യൂത്ത് മൂവ്മെന്റ്,  ക്യാമ്പസുകളിൽ സ്റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ്കെയർ എന്നീ ശ്രമങ്ങൾക്ക് പിന്നിലും ഉഷാകുമാരിയുണ്ട്. ആരോഗ്യപുരസ്കാരവും പോയ മൂന്ന് വർഷങ്ങളിൽ തുടർച്ചയായി കായകൽപ്പ് ദേശീയപുരസ്കാരവും ഈ ആശുപത്രിയെത്തേടിയെത്തിയതിലും ആശുപത്രിയിൽ കീമോതെറാപ്പി യൂണിറ്റ് യാഥാർത്ഥ്യമായതിലും ഉഷാകുമാരിയുടെ പ്രയത്നവുമുണ്ട്. പ്രളയവും നിപ്പയും കൊണ്ട് നാടുവലയുമ്പോഴും ഉഷാകുമാരിയുടെ പ്രയത്നം തുടർന്നു. 2016ൽ ജില്ലയിലെ മികച്ച നഴ്സിനുള്ള പുരസ്കാരം, 2017ൽ ഇടുക്കി ജില്ല വിമൻസ് കൗൺസിലിന്റെ മികച്ച സേവനത്തിനുള്ള പുരസ്കാരം, തൊടുപുഴ YWCAയുടെ അവാർഡ് ഓഫ് എക്സെലൻസ്...ഉഷാകുമാരിയുടെ നേട്ടങ്ങൾ തുടരുകയാണ്.  

4 )നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായ ലിസിയമ്മ ജേക്കബ്

സമർപ്പിതവും സേവനസന്നദ്ധവുമായ 36 വർഷത്തെ നഴ്സിംഗ് ജീവിതം. അതാണ് ലിസിയമ്മ ജേക്കബിന്റെ ആതുരശുശ്രൂഷാരംഗത്തെ സംഭാവന. 1983ൽ മഹാരാഷ്ട്രാ നഴ്സിംഗ് കൌൺസിൽ ബോംബെ ഹോസ്പിറ്റലിൽ നടത്തിയ ജനറൽ നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കി. ബി എ, എം എ സോഷ്യോളജി ബിരുദങ്ങൾ നേടിയ ലിസിയമ്മ ജോസഫ് തന്റെ അറിവുകൾ മുന്നിലെത്തിയ രോഗികൾക്ക് ആശ്വാസം പകരാൻ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ശാസ്ത്രീയമായി അന്വേഷിച്ച വ്യക്തിയാണ്.

നിരവധി രോഗികളുടെ ഓർമ്മകളിൽ ആതുരശുശ്രൂഷ ജീവിതത്തിന്റെ നല്ല മാതൃകയാകാൻ ലിസിയമ്മക്ക് കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് കേരളത്തിന്റെ ആതുരസേവനരംഗം മറ്റിന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നത്... മനസർപ്പിച്ചുള്ള ലക്ഷക്കണക്കിന് നഴ്സുമാരുടെ പ്രവർത്തനം ഇതിന് പിന്നിലുണ്ട്. അവരിലൊരാളായി കഴിഞ്ഞ നിരവധി ദശാബ്ദങ്ങളായി പ്രവർത്തിക്കുന്നതും രോഗികൾക്ക് ശാന്തി പകരുന്നതുമാണ് ലിസിയമ്മ ജേക്കബിന്റെ ജീവിത പാഠം.

 5  ) സ്പെഷ്യൽ ജൂറി അവാർഡിന് അർഹയായ ആൻസില മാത്യു

പാലക്കാട്ടെ അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിൽ 21 വർഷം തുടർച്ചയായി ആതുരശുശ്രൂഷ ചെയ്ത ആൻസില മാത്യു. ഉൾക്കാടിലും മലമടക്കുകളിലുമുള്ള ആദിവാസി ഊരുകളിൽ ദുർഘടമായ വഴികൾ താണ്ടി കടന്നു ചെല്ലുമ്പോഴൊന്നും മറ്റെവിടേക്കെങ്കിലും സ്ഥലംമാറ്റത്തിന് അവർ ഒരിക്കലും ശ്രമിച്ചില്ല. സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞു പോയതിന് ശേഷവും ആൻസില അട്ടപ്പാടി വിട്ടുപോയില്ല.

പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പ്രസ്ഥാനം അട്ടപ്പാടിയിൽ തുടങ്ങി കർമ്മനിരതയായി. യൂ ആന്റ് വീ എന്ന സംഘടന എന്ന സംഘടന ഇന്ന് അട്ടപ്പാടിയിൽ ഒരുപാട് പേരുടെ ഏക ആശ്വാസമാണ്. 2007ലെ മികച്ച നഴ്സിനുള്ള അവാർഡ് നൽകി സംസ്ഥാന സർക്കാർ ആൻസിലയെ ആദരിച്ചു. ആദിവാസി ജനതയുടെ സ്നേഹവും ആദരവും എല്ലാക്കാലവും ആൻസിലക്കൊപ്പമുണ്ട്.

6 ) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനർഹയായ  കെ. ശർമ്മിള

ജോലി ചെയ്ത ആശുപത്രികളിലെല്ലാം സിസ്റ്ററമ്മ എന്ന പേരിൽ മാത്രം അറിയപ്പട്ട നഴ്സാണ് കെ. ശർമ്മിള തിരുവനന്തപുരം പേയാട് സ്വദേശി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അനാഥരെ പ്രവേശിപ്പിക്കുന്ന 9ആം വാർഡിൽ രോഗികൾക്ക് ആശ്വാസമേകാൻ നടത്തിയ ഒറ്റയാൾ പരിശ്രമങ്ങൾ അവരുടെ സേവനരംഗത്തെ മികവിന് ഒരു ഉദാഹരണം മാത്രം. രോഗികൾക്ക് ആഹാരവും വസ്ത്രവും സ്വന്തം നിലയ്ക്കും മറ്റുള്ളവരിൽ നിന്നും ശേഖരിച്ചും നൽകിയ ശർമ്മിള ജോലി സമയത്തിന് ശേഷവും സഹായിയായി അവർക്കരികിലേക്കെത്തി. സിസ്റ്ററിന്റെ ഇടപെടലിൽ 200ൽ പരം രോഗികളെ വിവിധ കേന്ദ്രങ്ങളിൽ പുനരധിവസിപ്പിക്കാൻ കഴിഞ്ഞു. ചിലർക്ക് സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് മടങ്ങാനും ആയി.

മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്നവർക്കുള്ള തിരുവനന്തപുരത്തെ റീഹാബിലിറ്റേഷൻ സെന്ററിലെ സൌകര്യങ്ങൾ പൊതുജനസഹായത്തോടെ മെച്ചപ്പെടുത്തിയതാണ് ശർമ്മിളയുടെ കർമ്മരംഗത്തെ മറ്റൊരു നേട്ടം. അവിടെ നിന്ന് 27 സ്ത്രീകളെയും 3 കുട്ടികളെയും അവരവരുടെ വീടുകളിലേക്ക് തിരിച്ചയക്കാനും ശർമ്മിളയ്ക്കായി. കേന്ദ്ര സർക്കാരിന്റെ 2014ലെ ഫ്ലോറൻസ് നൈംറ്റിംഗെയ്ൽ അവാർഡ്, സംസ്ഥാന സർക്കാരിന്റെ 2017ലെ വനിതാരത്ന പുരസ്കാരം, 2013ലെ മികച്ച നഴ്സിനുള്ള സംസ്ഥാന അവാർഡ് കൂടാതെ നിരവധി സംഘടനകൾ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ. കെ. ശർമ്മിളയുടെ സേവനങ്ങൾക്ക് ഇത് വരെ ലഭിച്ച അംഗീകാരങ്ങൾ നിരവധിയാണ്.

Follow Us:
Download App:
  • android
  • ios