തനിക്കെതിരായ ആരോപണം എന്തെന്ന് കൃത്യമായി അറിയുന്നതിന് എസ് എഫ് ഐ സംസ്ഥാ സെക്രട്ടറിയുടെ പരാതിയുടെ പകർപ്പ് ആവശ്യമാണെന്നും അതിനായി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും അഖില മറുപടി നൽകി.

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കള്ളക്കേസിൽ പൊലീസ് നോട്ടീസിന് മറുപടി നൽകി. ഇന്ന് രാവിലെ പത്തിന് കൊച്ചി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു അഖിലയ്ക്ക് നിർദേശം. എന്നാൽ തനിക്കെതിരായ ആരോപണം എന്തെന്ന് കൃത്യമായി അറിയുന്നതിന് എസ് എഫ് ഐ സംസ്ഥാ സെക്രട്ടറിയുടെ പരാതിയുടെ പകർപ്പ് ആവശ്യമാണെന്നും അതിനായി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും അഖില മറുപടി നൽകി. മാത്രവുമല്ല തനിക്കെതിരായ കേസിനെതിരെ ഹൈക്കോടതിയേയും സമീപിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് അഖില രേഖാമൂലം ജില്ലാ ക്രൈംബ്രാഞ്ചിന് മറുപടി നൽകി.

വിദ്യയുടെ വ്യാജരേഖാക്കേസ് റിപ്പോർട് ചെയ്യുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാ‍ർക് ലിസ്റ്റ് വിവാദത്തെപ്പറ്റി കെ എസ് യു ആരോപണമുന്നയിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കേസ്. വാർത്താ റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ലേഖികയെ കളളക്കേസിൽ കുടുക്കിയ സർക്കാർ നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണിത്.

Also Read: വിദ്യയെ സഹായിച്ച എസ്എഫ്ഐക്കാർ ഉണ്ടെങ്കിൽ, ആ നിമിഷം നടപടി: പിഎം ആർഷോ

അതേസമയം, മാർക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞില്ലെന്നും തന്‍റെ മാർക്ക് ലിസ്റ്റ് മാത്രമാണ് ഇത്തരത്തിൽ തിരുത്തിയതെന്നാണ് കരുതിയതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങൾ ആക്രമിച്ചു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും. കെ. വിദ്യയെ വ്യാജ രേഖ ചമയ്ക്കാൻ ഏതെങ്കിലും എസ്എഫ്ഐക്കാർ സഹായിച്ചെന്ന് തെളിയിക്കണം. എങ്കിൽ നടപടി സ്വീകരിക്കുമെന്നും ആർഷോ പറഞ്ഞു. മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത സംഭവത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആർഷോയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

YouTube video player