ദില്ലി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി തീരുമാനിക്കാനുള്ള ചര്‍ച്ചകൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ തുടങ്ങി. മെയ് 24 മുതൽ ജൂണ്‍ 8 നുള്ളിൽ നാല് സംസ്ഥാനങ്ങളിൽ പുതിയ സര്‍ക്കാരുകൾ അധികാരത്തിൽ വരണം. സിബിഎസ്.ഇ പരീക്ഷ തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷകളെ ബാധിക്കാത്ത രീതിയിൽ തെരഞ്ഞെടുപ്പ് തിയതി നിശ്ചയിക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നത്. 

തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ വരുംദിവസങ്ങളിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീണറും കമ്മീഷൻ അംഗങ്ങളും സന്ദര്‍ശനം നടത്തി സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 

ഇതോടൊപ്പം കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭയുടെ കാലാധി മെയ് അവസാനം തീരുകയാണ്. ഈ അഞ്ചിടത്തും ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതുകൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഈ ഘട്ടത്തിൽ നടക്കും. പികെ കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുന്ന പക്ഷം മലപ്പുറം ലോക്സഭാ സീറ്റിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.