തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം മാറ്റിവച്ചേക്കും. ഇക്കാര്യത്തിൽ നാളെ ചേരുന്ന മന്ത്രിസഭായോഗം അന്തിമതീരുമാനം എടുക്കുമെന്ന് പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി എകെ ബാലൻ അറിയിച്ചു. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടിയിരുന്നത്. 

നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുന്ന കാര്യത്തിൽ പ്രതിപക്ഷനേതാവുമായി ആശയവിനിമയം നടത്തിയെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ ഓർഡിനൻസായി പുറത്തിറക്കുന്നത് സംബന്ധിച്ചും നാളെത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമ്മേളനം മാറ്റിവയ്ക്കുന്ന കാര്യം ചർച്ച ചെയ്യാൻ വെളളിയാഴ്ച സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചേക്കാനും സാധ്യതയുണ്ട്. തലസ്ഥാനത്തെ കൊവിഡ് സാഹചര്യമാണ് സമ്മേളനം മാറ്റിവയ്ക്കാനുളള കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയ നീക്കത്തിന് തടയിടുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് സൂചന.

കൊവിഡ് വ്യാപനം തീവ്രമായ തലസ്ഥാനത്ത് നിയമസഭ യോഗം വിളിച്ചു ചേര്‍ക്കുന്നത് രോഗപകര്‍ച്ചയ്ക്ക് ഇടയാക്കിയേക്കുമെന്ന വാദമാണ് സമ്മേളനം മാറ്റിവയ്ക്കാനുളള ആലോചനയുടെ കാരണമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വെളളിയാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം സര്‍ക്കാര്‍ ഉന്നയിക്കും. ധനകാര്യ ബില്ലിന് അംഗീകാരം നല്‍കാനാണ്  ഏകദിന സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ യോഗം ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത്. 

സമ്മേളനം ഒഴിവാക്കിയാല്‍ ധനകാര്യ ബില്ലിന്‍റെ കാലാവധി നീട്ടാനുളള ഓര്‍ഡിനന്‍സ് ഇറക്കാനാണ് നീക്കം. എന്നാല്‍ ഇരുപത്തിയേഴിന് നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാനുളള തീരുമാനം മന്ത്രിസഭ കൈക്കൊളളുമ്പോഴും ത0ലസ്ഥാനത്ത് രോഗവ്യാപനം ശക്തമായിരുന്നു. പ്രത്യേക ഇരിപ്പിടങ്ങളടക്കമുളള ക്രമീകരണങ്ങളേര്‍പ്പെടുത്തി സമ്മേളനം നടത്താനായിരുന്നു അന്നത്തെ തീരുമാനം. അങ്ങിനെയിരിക്കെ ഇപ്പോള്‍ സമ്മേളനം മാറ്റിവയ്ക്കാനുളള നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന വാദവും  ഉയര്‍ന്നിട്ടുണ്ട്. 

സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരായ നീക്കങ്ങളും തടയാനാണ് സമ്മേളനം മാറ്റുന്നതെന്ന ചിന്തയാണ് പ്രതിപക്ഷം പങ്കുവയ്ക്കുന്നത്. ഇരുപത്തിനാലിനു വിളിച്ചു ചേര്‍ത്തിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഈ നിലപാട് പ്രതിപക്ഷം ഉയര്‍ത്തിയേക്കും.