Asianet News MalayalamAsianet News Malayalam

അനീഷ്യയുടെ മരണം: ഒരു മാസമായിട്ടും ആരോപണവിധേയരെ ചോദ്യംചെയ്തില്ല, എങ്ങുമെത്താതെ അന്വേഷണം ഇഴയുന്നു

അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം

Assistant Public Prosecutor Aneeshya Death No Progress In Investigation SSM
Author
First Published Feb 23, 2024, 2:44 PM IST

കൊല്ലം: പരവൂരിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. ഒരു മാസം പിന്നിട്ടിട്ടും ആരോപണ വിധേയരെ ചോദ്യംചെയ്യാതെ ഇഴഞ്ഞു നീങ്ങുകയാണ് സിറ്റി ക്രൈംബ്രാഞ്ച്. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം

കഴിഞ്ഞ മാസം 21നാണ് പരവൂർ കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തത്. 24 ന് അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറി. പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീൽ, എ പി പി ശ്യം കൃഷ്ണ എന്നിവരിൽ നിന്നേറ്റ ശകാരവും അവഗണനയും പരിഹാസവും ജോലിയിലെ മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ മൊഴി. അനീഷ്യയുടെ ഡയറിക്കുറിപ്പും ഓഡിയോ സന്ദേശങ്ങളും കിട്ടിയിട്ടും ആരോപണ വിധേയരെ തൊടാതെയാണ് അന്വേഷണം. നിലവിലെ അന്വേഷണത്തിൽ അതൃപ്തരാണ് അനീഷ്യയുടെ കുടുംബം. അന്വേഷണം ഊർജിതപ്പെടുത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അനീഷ്യയുടെ അമ്മ പറഞ്ഞു. 

അനീഷ്യയുടെ സഹപ്രവർത്തകരായ 18 എ പി പിമാരുടെ മൊഴിയെടുപ്പ് തുടരുകയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. ചോദ്യം ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി കിട്ടാനെടുത്ത കാലതാമസം. അനീഷ്യയുടെ മൊബെൽ, ലാപ്ടോപ്പ്, ഡയറി എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കിട്ടുന്നതിലെ കാലതാമസം. ശാസ്ത്രീയ തെളിവെടുപ്പ് കിട്ടിയ ശേഷം അവസാന ഘട്ടമായി ആരോപണ വിധേയരെ ചോദ്യം ചെയ്താൽ മതിയെന്ന പിടിവാശിയിലാണ് അന്വേഷണ സംഘം. 

ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിട്ടും കേസെടുക്കാതെയാണ് ഒളിച്ചുകളി. ആരോപണ വിധേയർക്ക് ലേക്കൽ പൊലീസിൽ സ്വാധീനമുണ്ടെന്നും ഐപിഎസ് ഉദ്യോഗസ്ഥനോ സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിക്ക് നിവേദനം നൽകി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Latest Videos
Follow Us:
Download App:
  • android
  • ios