സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആസ്റ്റർ മെഡ്‌സിറ്റിയുടെ ചികിത്സാ സഹായം
കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫുമായി സഹകരിച്ചാണ് ചികിത്സാ പദ്ധതി.

കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ രോഗികൾക്കായി പ്രത്യേക ചികിത്സാ പദ്ധതിയുമായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി. മോൻസ് ജോസഫ് എം.എൽ.എയുമായി സഹകരിച്ചാണ് ചികിത്സാ പദ്ധതി.
മോൻസ് ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. പീഡിയാട്രിക് കാർഡിയോളജി, നെഫ്രോളജി (വൃക്കരോഗ വിഭാഗം), കരൾ (ലിവർ കെയർ) ഉൾപ്പെടെയുള്ള വിവിധ സ്പെഷ്യലൈസേഷനുകളെ ഉൾക്കൊള്ളിച്ചുള്ള മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ഈ ക്യാമ്പിൽ നിന്നും അർഹരായവരെ തിരഞ്ഞെടുത്താണ് ചികിത്സാ സഹായം നൽകുക - ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ പറഞ്ഞു.
"ഫ്രണ്ട്‌സ് ഓഫ് ആസ്റ്റർ" പരിപാടിയിൽ പങ്കെടുത്തവർക്കുള്ള പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം എം.എൽ.എക്ക് നൽകിക്കൊണ്ട് ഫർഹാൻ യാസീൻ നിർവഹിച്ചു. ചികിത്സാ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 8111998136, 7025767676.
അത്യാഹിതവേളകളിൽ മനുഷ്യജീവൻ രക്ഷിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് ആസ്റ്റർ മെഡ്‌സിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രഥമജീവൻരക്ഷാ പരിശീലന പരിപാടിയായ ബി ഫസ്റ്റിന്റെ പരിശീലനവും ഇതോടൊപ്പം സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്സിറ്റിയിലെ എമർജൻസി മെഡിസിൻ വിഭാഗം ലീഡ് കൺസൽട്ടന്റ് ഡോ. ജോൺസൺ കെ വർഗീസിന്റെ നേതൃത്വം നൽകി. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കൂടുതൽ സ്ഥലങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ആസ്റ്റർ മെഡ്‌സിറ്റി അധികൃതർ വ്യക്തമാക്കി.
കടുത്തുരുത്തി ഗ്രാന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, കിടങ്ങൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൻ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തൻകാല, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ, ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.