Asianet News MalayalamAsianet News Malayalam

'വിജയകരമായ 1750 റോബോട്ടിക് ശസ്ത്രക്രിയകൾ' നൂതന ചികിത്സാ രംഗത്ത് ചരിത്ര നേട്ടവുമായി ആസ്റ്റർ മെഡ്സിറ്റി

ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമൽ ആക്സസ് റോബോട്ടിക് സർജറികൾ (മാർസ്) വിജയകരമായി പൂർത്തിയാക്കിയതായിആസ്റ്റർ മെഡ്സിറ്റി 

Aster Medcity successfully completed 1750 Minimal Access Robotic Surgeries
Author
First Published Sep 21, 2022, 6:26 PM IST

കൊച്ചി:  ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമൽ ആക്സസ് റോബോട്ടിക് സർജറികൾ (മാർസ്) വിജയകരമായി പൂർത്തിയാക്കിയതായിആസ്റ്റർ മെഡ്സിറ്റി അധികൃതർ. കേരളത്തിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന റോബോട്ടിക് സർജറി കേന്ദ്രങ്ങളിൽ ഒന്നായ ആസ്റ്റർ മെഡ്സിറ്റി ഇതുവരെ 230 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ മാർസ് വഴി മാത്രം പൂർത്തിയാക്കികഴിഞ്ഞതായും  കൊച്ചിയിൽ നടന്ന ചടങ്ങിൽ അധികൃതർ വിശദീകരിച്ചു.

ഒരു റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയാ വിദഗ്ധർ ചെറിയ മുറിവിലൂടെ നടത്തുന്ന  പ്രത്യേകവും നൂതനവുമായ മിനിമൽ ആക്സസ് പ്രക്രിയയാണ് റോബോട്ടിക് സർജറി. ശസ്ത്രക്രിയകളുടേതായ നടപടിക്രമങ്ങളും സങ്കീർണതയും ഏറ്റവും കുറവായതിനാൽ റോബോട്ടിക് സർജറികൾ വളരെയധികം സുരക്ഷിതമാണ്.  പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് സർജന്മാർക്ക് ഏറ്റവും കൃത്യതയുള്ള ഫലം റോബോട്ടിക് സർജറിയിലൂടെ ഉറപ്പാക്കാൻ സാധിക്കും. സാധാരണ ശസ്ത്രക്രിയകൾക്ക് ശേഷമുള്ള അനുബന്ധ വേദന, രക്ത നഷ്ടം, ശരീരത്തിൽ മുറിപാടുകൾ എന്നിവ വളരെ കുറവായിരിക്കും. ശസ്ത്രക്രിയയുടേതായിട്ടുള്ള അസ്വസ്ഥതകളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുക വഴി ആശുപത്രി വാസവും കുറയുന്നു. ഇത് രോഗികളെ വളര പെട്ടെന്ന് തന്നെ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്നു.

പരിചയ സമ്പന്നരായ റോബോട്ടിക് സർജറി വിദഗ്ധരുടെ നേതൃത്വത്തിൽ, എല്ലാ പ്രായത്തിലുമുള്ള രോഗികൾക്കും, യൂറോളജി, ഗൈനക്കോളജി, ഓങ്കോ സർജറി, ഗ്യാസ്ട്രോ സർജറി, കരൾ മാറ്റിവയ്ക്കൽ എന്നീ വിഭാഗങ്ങളിൽ ആസ്റ്റർ മെഡ്സിറ്റി റോബോട്ടിക് സർജറി നടത്തുന്നുണ്ട്.  മാർസ് എന്നത് നൂതനവും കൃത്യതയുമുള്ള പ്രക്രിയയാണ്, എത്ര സങ്കീർണ്ണമായ ശസ്ത്രക്രിയയും മാർസ് വഴി വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. റോബോട്ടിക് ഉപകരണങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച്, ശരീരത്തിന്റെ ഏത് മൃദുലമായ ഭാഗത്തും വളരെ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ കഴിയുമെന്നും ആസ്റ്റർ മെഡ്സിറ്റി യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കിഷോർ ടിഎ പറഞ്ഞു.

ഡാവിഞ്ചി സർജറി സംവിധാനം ഉപയോഗിച്ച് കൃത്യതയോടെയുള്ള റോബോട്ടിക് ശസ്ത്രക്രിയകൾ വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ആസ്റ്റർ മെഡ്സിറ്റി.   സ്പെഷ്യലൈസ്ഡ് റോബോട്ടിക് കരൾ, പാൻക്രിയാസ് ശസ്ത്രക്രിയ ലഭ്യമാക്കുന്ന രാജ്യത്തെ ചുരുക്കം ചില കേന്ദ്രങ്ങളിൽ ഒന്നും,റോബോട്ടിക് ട്രാൻസ്വാജിനൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ലോകത്തിലെ മൂന്നാമത്തെ  കേന്ദ്രവുമാണ് ആസ്റ്റർ മെഡ്സിറ്റി.

Read more: എംഇആര്‍ ടെക്നോളജി ദക്ഷിണേഷ്യയില്‍ ആദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി - മെഡ്‌ട്രോണിക്ക് കൂട്ടുകെട്ട്

ആരോഗ്യ സേവന രംഗത്ത് മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന സ്ഥാപനം എന്ന നിലയിൽ, ലോകത്ത് ലഭ്യമായ ഏറ്റവും മികച്ചതും നൂതനവുമായ ചികിത്സാ സൗകര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ആസ്റ്റർ എന്നും പ്രതിജ്ഞാബദ്ധരാണ്.  മാർസ് പോലുള്ള അത്യാധുനിക സൗകര്യം രോഗികൾക്ക് വിപുലമായ ശസ്ത്രക്രിയാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുകയും അവരുടെ സാധാരണ ജീവിതം വീണ്ടെടുക്കാനും നയിക്കാനും അവരെ സഹായിക്കുകയും ചെയ്യുമെന്ന്  ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.  റോബോട്ടിക് സർജറിയിലെ മുന്നേറ്റത്തോടെ ഭാവിയിൽ ഇതുപോലുള്ള നൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ ഞങ്ങൾക്ക് കഴിയുമെന്നും ഫർഹാൻ യാസിൻ കൂട്ടിച്ചേർത്തു.

ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കിഷോർ ടി.എ, ഹെപ്പറ്റോബിലിയറി സർജൻ സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ്, സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി  സീനിയർ കൺസൾട്ടന്റ് ഡോ. സറീന എ ഖാലിദ്, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ. പ്രകാശ് കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios