കട്ടപ്പന: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയോ കൊല്ലപ്പെട്ട ഭര്‍ത്താവ് റോയിയോ തന്നെ വന്നു കണ്ടതായി ഓര്‍ക്കുന്നില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. റോയ് എന്നയാള്‍ മരിച്ചിട്ട് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ അങ്ങനെയൊരാള്‍ തന്നെ വന്നു കണ്ടതായി ഓര്‍ക്കുന്നില്ല. 

ഭസ്മം കഴിക്കാനായി താന്‍ ആര്‍ക്കും നല്‍കാറില്ല. ഏലസും തകിടും ജപിച്ചു കൊടുക്കാറുണ്ട്. അതല്ലാതെ കഴിക്കാനായി താന്‍ ഒന്നും നിര്‍ദേശിക്കാറില്ല. ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ രണ്ട് തവണ വിളിച്ചിരുന്നു പക്ഷേ അതാരോ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നിയതിനാല്‍ കാര്യമായി എടുത്തില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. 

മുന്‍കൂട്ടി നിശ്ചയിച്ച ചില യാത്രകളിലായതിനാലാണ് ഇന്നലെ താന്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ പോയത്. അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കും ഇതുവരെ പൊലീസോ ക്രൈംബ്രാഞ്ചോ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്നും ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.