Asianet News MalayalamAsianet News Malayalam

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി കെഎസ്ഇബി

അതിരപ്പള്ളി പദ്ധതിയുടെ കാര്യത്തിൽ സമവായമുണ്ടായാൽ മുന്നോട്ട് പോകും. ഒരിക്കൽ അനുമതി ലഭിച്ചിരുന്നതിനാൽ കേന്ദ്ര പാരിസ്ഥിതിക അനുമതിയടക്കം വീണ്ടും ലഭിക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തൽ. 

Athirapally Project is not abandoned KSEB is still hopeful
Author
Athirappilly Water Falls, First Published Oct 7, 2021, 10:21 AM IST

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി (Athirappilly) പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി (KSEB). സമവായം ഉണ്ടായാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് വൈദ്യുതി ബോർഡിൻ്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ എൻഓസിക്ക് 2027 വരെ കാലാവധിയുണ്ട്. എൻഒസിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയുടേയും കാലാവധി 2019 മെയിൽ അവസാനിച്ചിരുന്നു. പദ്ധതി വന്നാൽ മുങ്ങിപ്പോകുമായിരുന്ന വനമേഖലയിലെ മരങ്ങൾ മുറിക്കാനും അതിനുളള നഷ്ടപരിഹാവുമായി 4.11 കോടി രൂപ വൈദ്യുതി ബോർഡ് 2001ൽ വനം വകുപ്പിന് കൈമാറിയിരുന്നു. 

പലിശയില്ലാതെ ഈ പണം രണ്ട് പതിറ്റാണ്ടോളം വനം വകുപ്പിന്റ കയ്യിലായിരുന്നു. പദ്ധതി സംബന്ധിച്ച് ഇനിയും ഉറപ്പില്ലാത്ത സാഹചര്യത്തിൽ ഈ പണം വൈദ്യുതി വകുപ്പിന് തിരിച്ചു നൽകാൻ വകുപ്പ് തല ചർച്ചയിൽ ധാരണയായിരുന്നു. ഇതോടെയാണ് പദ്ധതി ഉപേക്ഷിച്ചു എന്ന രീതിയിലുള്ള വിലയിരുത്തൽ പല കോണുകളിൽ നിന്നും ഉയർന്നത്. 

എന്നാൽ ഇത് സാങ്കേതികം മാത്രമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യം ഉണ്ടായാൽ വനം വകുപ്പിനുള്ള നഷ്ടപരിഹാരം പുനർ നിശ്ചയിക്കുമെന്നും വൈദ്യുതി ബോർഡ് വ്യക്തമാക്കി. വനഭൂമി വിട്ടു കിട്ടുന്നതിനുള്ള കേന്ദ്ര വനം വകുപ്പിന്റെ അനുമതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 

കാലാവധി കഴിഞ്ഞ പാരിസ്ഥിതിക അനുമതിയും സാങ്കേതിക അനുമതിയും ലഭികുന്നതിനുള്ള ശ്രമം തുടരാൻ 2027 വരെ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ എൻഓസി നൽകിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പരമാവധി ജല വൈദ്യുതി പദ്ധതി നടപ്പാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.

9 ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 11 എണ്ണം ടെണ്ടർ ഘട്ടത്തിലാണ് ഇടുക്കി രണ്ടാം ഘട്ടത്തിന്റെ പഠനം പുരോഗമിക്കുന്നു. 

അതിരപ്പള്ളി പദ്ധതിയുടെ കാര്യത്തിൽ സമവായമുണ്ടായാൽ മുന്നോട്ട് പോകും. ഒരിക്കൽ അനുമതി ലഭിച്ചിരുന്നതിനാൽ കേന്ദ്ര പാരിസ്ഥിതിക അനുമതിയടക്കം വീണ്ടും ലഭിക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തൽ. സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ ശക്തമായ എതിർപ്പ് നിലനിൽക്കുന്നതിനാൽ സമവായം ഉണ്ടായാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios