Asianet News MalayalamAsianet News Malayalam

അതിരപ്പിള്ളി പദ്ധതി എൻഒസി മുഖ്യമന്ത്രിയുടെ അറിവോടെ, ഫയൽ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്

അതിരപ്പിള്ളി പദ്ധതിക്ക് എൻഒസി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഫയൽ അയച്ചിരിക്കുന്നത് വൈദ്യുതി മന്ത്രി എം എം മണിയാണ്. പദ്ധതി നഷ്ടപ്പെടാതിരിക്കാൻ അനുമതി നിലനിർത്തണമെന്ന് മന്ത്രി.

athirappally project cm pinarayi knew an noc is being given to the project asianet news exclusive
Author
Thiruvananthapuram, First Published Jun 11, 2020, 4:59 PM IST

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയ്ക്ക് എൻഒസി നൽകുന്നതിനുള്ള അനുമതി നൽകുന്ന ഫയലിൽ ഒപ്പുവച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നതിന് തെളിവ് പുറത്ത്. പദ്ധതി നഷ്ടപ്പെടാതിരിക്കാൻ  അനുമതി നിലനിർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഫയൽ അയച്ചത് വൈദ്യുതി മന്ത്രി എം എം മണിയാണ്. ഏപ്രിൽ 18-ന് ഈ ഫയലിൽ മുഖ്യമന്ത്രി നേരിട്ട് ഒപ്പുവയ്ക്കുകയായിരുന്നു. ഫയലിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഇടത് മുന്നണി അറിയാതെ ഏതാണ്ട് രണ്ട് മാസം മുമ്പ് തന്നെ ഈ ഫയൽ നീക്കാൻ തുടങ്ങിയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഫയൽ നീക്കത്തെക്കുറിച്ച് ഒരു ഘട്ടത്തിലും ഇടത് മുന്നണിയിൽ ചർച്ച നടന്നിട്ടുമില്ല. പാർട്ടി സെക്രട്ടറിയായ കോടിയേരി തന്നെ ഈ വിവരം അറിഞ്ഞോ എന്ന് സംശയമാണെന്ന സൂചനകളാണ് പാർട്ടിയിൽ നിന്ന് ലഭിക്കുന്നത്. അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രധാനസഖ്യകക്ഷിയായ സിപിഐ ഉയർത്തുന്നത്. 

''ആഗ്രഹങ്ങൾക്ക് കടിഞ്ഞാണില്ലല്ലോ, അതുകൊണ്ട് എന്തും ആഗ്രഹിച്ച് മുന്നോട്ട് പോകാം. പക്ഷേ ജനങ്ങളുടെ എതിർപ്പ് വരുത്തിവച്ചുകൊണ്ട് ഒരു പദ്ധതിയുമായി എൽഡിഎഫ് മുന്നോട്ട് പോകില്ല'', എന്ന് കടുത്ത ഭാഷയിലാണ് കാനം രാജേന്ദ്രൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. 

ജനുവരി മുതൽ സർക്കാർ തലത്തിൽ ഫയൽ നീങ്ങി ഒടുവിൽ, ഇത് മുന്നണി അറിഞ്ഞിരുന്നില്ല എന്നത് സിപിഐയ്ക്ക് കടുത്ത അതൃപ്തിയാണ് ഉണ്ടാക്കുന്നത്. പദ്ധതി ഉപേക്ഷിച്ചുവെന്ന് വൈദ്യുതി മന്ത്രി തന്നെ പല തവണ വ്യക്തമാക്കിയതാണ്. നിയമസഭയ്ക്ക് അകത്ത് പോലും പദ്ധതിയുമായി മുന്നോട്ടില്ലെന്ന പ്രസ്താവന വൈദ്യുതിമന്ത്രി നടത്തിയതാണ്. എന്നിട്ടും, കഴിഞ്ഞ രണ്ട് മാസമായി ഫയൽ സർക്കാർ തലത്തിൽ മുഖ്യമന്ത്രിയുടെ അറിവോടെ നീങ്ങുന്നുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. 

സിപിഐ നേതാക്കൾ പരസ്യമായി ഈ പദ്ധതിയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുള്ളതാണ്. ഇത് ഇടത് മുന്നണിയുടെ പദ്ധതിയല്ലെന്നും, പ്രകടനപത്രികയിൽ പോലുമില്ലാത്ത, പരിസ്ഥിതിപ്രവർത്തകരും നാട്ടുകാരും ഒരു പോലെ എതിർക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട്. 

''അതിരപ്പിള്ളി പദ്ധതിയുടെ അനുമതി നിലനിർത്തിയാൽ മാത്രമേ പദ്ധതി നഷ്ടപ്പെടാതിരിക്കൂ, അതിനാൽ പദ്ധതിയ്ക്ക് അനുമതി ദീർഘിപ്പിക്കുന്നതിന് എൻഒസി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രി കണ്ടാലും'', എന്നാണ് വൈദ്യുതിമന്ത്രി എം എം മണി ഫയലിൽ എഴുതിയിരിക്കുന്നത്.

എന്താണ് അതിരപ്പിള്ളി പദ്ധതി?

ചാലക്കുടിപ്പുഴക്ക് കുറുകെ 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനായുള്ള പദ്ധതിയാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പദ്ധതി എൽഡിഎഫ് സർക്കാർ പദ്ധതി ഉപേക്ഷിച്ചത് 2018 മാർച്ച് 19-നാണ്. പദ്ധതിക്ക് കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്‍റെ അനുമതി ലഭിച്ചത് രണ്ട് തവണ. 201 7ജൂലൈ 18-ന് പാരിസ്ഥിതിക അനുമതി അവസാനിച്ചു. പാരിസ്ഥിതിക അനുമതിക്കായി സംസ്ഥാന സർക്കാർ എൻഒസി നൽകിയത് ജൂണ്‍ 4-ന്. സാങ്കേതിക സാമ്പത്തിക അനുമതിക്കും പുതിയ എൻഒസിയിൽ അപേക്ഷ നൽകാം. 

എന്താണീ പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം? 180 ഹെക്ടർ വനഭൂമി നശിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ആദിവാസി വിഭാഗങ്ങളും പദ്ധതിക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios