അതുല്യയെ കൊലപ്പെടുത്തുമെന്ന് പ്രതി സതീഷ് പറയുന്ന ദൃശ്യങ്ങളാണ് അതുല്യയുടെ കുടുംബം കോടതിയിൽ ഹാജരാക്കിയത്

കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം. അതുല്യയെ കൊലപ്പെടുത്തുമെന്ന് പ്രതി സതീഷ് പറയുന്ന ദൃശ്യങ്ങളാണ് അതുല്യയുടെ കുടുംബം കോടതിയിൽ ഹാജരാക്കിയത്. അതുല്യയുടെ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദ്യശ്യങ്ങളാണെന്ന് കുടുബം പറയുന്നു. പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ജൂലൈ 19ന് ഭര്‍ത്താവ് സതീഷിനൊപ്പം ഷാര്‍ജയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന കൊല്ലം തേവലക്കര സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിൻ്റെ പരാതിയിൽ ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സതീഷിന്‍റെ മാനസിക ശാരീക പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്‍റെ പരാതി. ഇയാള്‍ അതുല്യയെ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും പുറത്തുവന്ന വീഡിയോയിൽ അതുല്യ ഉച്ചത്തിൽ നിലവിളിക്കുന്നതും ഭർത്താവ് സൈക്കോയെപ്പോലെ പെരുമാറുന്നതും കാണാം. ഈ സാഹചര്യത്തിൽ അതുല്യയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ബന്ധുക്കളുടെ മൊഴി. ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്.

സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. 11 വര്‍ഷമായി അതുല്യയുടെ വിവാഹം കഴിഞ്ഞിട്ട്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. സംഭവത്തിന് പിന്നാലെ ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായ ഭര്‍ത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.