സത്യം പുറത്തുകൊണ്ടുവരണമെന്ന് ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയ അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള.

‌കൊല്ലം: സത്യം പുറത്തുകൊണ്ടുവരണമെന്ന് ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയ അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള. മകളുടെ കരച്ചിൽ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ടെന്ന് അച്ഛൻ പറഞ്ഞു. മകളുടെ ജീവനെടുത്തത് സതീഷിന്റെ പീഡനമാണ്. മകൾക്ക് നീ‌തി വേണമെന്നും കുറ്റവാളിയെ ശിക്ഷിക്കണം. സത്യം പൊലീസ് കണ്ടുപിടിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു.

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം ചവറ സ്വദേശിനി അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്നാണ് കുടുംബം പരാതിപ്പെട്ടത്. കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷ് ഭാര്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. അതുല്യയുടെ കുടുംബത്തിൻ്റെ പരാതിയിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് അന്വേഷണം തുടരുകയാണ്.

ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ ഭർത്താവ് സതീഷിൽ നിന്നും നിരന്തരം പീഡനം അനുഭവിച്ച ഒരു 29 കാരി. അതുല്യയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ ഫോണിൽ ചിത്രീകരിച്ച് ആനന്ദം കണ്ടെത്തുന്നമുഖമാണ് ദൃശ്യങ്ങളിൽ സതീഷിനുള്ളത്. ഒടുവിൽ ജൂലായ് 19ആം തീയതി രാവിലെ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനിടെ നേരിട്ട പീഡനങ്ങൾ സുഹൃത്തിനോട് വിവരിക്കുന്ന അതുല്യയുടെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ആത്മഹത്യ ചെയ്യാൻ പേടിയാണെന്നും സഹിച്ചു കഴിയുകയാണെന്നും അതുല്യ സുഹൃത്തിനോട് പറയുന്നുണ്ട്.

തെളിവുകൾ സഹിതമാണ് അതുല്യയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയത്. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൂടാതെ സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ വകുപ്പുകളും. കുടുതൽ പേരിൽ നിന്നും മൊഴിയടക്കം രേഖരിച്ചിരുന്നു. ഷാര്‍ജയിൽ എഞ്ചിനീയറായിരുന്നു ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇയാളെ പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.