എറണാകുളം: കിഴക്കമ്പലത്തെ എടിഎമ്മിൽ കവർച്ചാശ്രമം. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. കിഴക്കമ്പലം ടൗണിലുള്ള ഫെഡറൽ ബാങ്കിന്റെ എടിഎമ്മിലാണ് കവർച്ചാ ശ്രമം നടന്നിരിക്കുന്നത്. എടിഎമ്മിന്റെ മുൻ വാതിൽ പാര ഉപയോഗിച്ച് കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന ഫെഡറൽ ബാങ്കിലെ ജീവനക്കാരാണ് കവർച്ചാ ശ്രമം നടന്നതായി പൊലീസിനെ അറിയിച്ചത്. ഇതേത്തുടർന്ന് പൊലീസ് എടിഎമ്മിൽ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കിഴക്കമ്പലം സിഐ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.