വെമ്പായം :  വെഞ്ഞാറമൂട് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് തീയിട്ട് നശിപ്പിച്ചു. വെഞ്ഞാറമൂട്ടിൽ നടന്ന ഇരട്ട കൊലപാതകത്തെ തുടർന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയിൽ കോൺഗ്രസ്‌ ഓഫിസുകൾക്ക് നേരെ ആക്രമണമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് നാളെ വെമ്പായം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ നടത്തും. രാവിലെ 6 മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെ തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കും നേരെ ആക്രമണം നടന്നു. വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് നേതാവ് രമണി പി നായരുടെ വീടിന് നേരെ അതിക്രമമുണ്ടായി. ബൈക്കിലെത്തിയ സംഘം ചെടിച്ചട്ടികളും വീടിന്‍റെ ജനൽച്ചില്ലുകളും തകർത്തു.  

പേട്ടയിലെ കോൺഗ്രസ് ഓഫീസ് ഒരു സംഘം അടിച്ചു തകർത്തു.  വിലാപയാത്രക്കിടെയും അതിന് ശേഷവും പലയിടത്തും വ്യാപകമായി കോൺഗ്രസ് കൊടിമരങ്ങളും ബോർഡുകളും തകർക്കപ്പെട്ടു.