മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ ആണെന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല. അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്നും സംഭവത്തിൽ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.
അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം; അടൂർ നിയോജകമണ്ഡലം പ്രസിഡന്റിന് ജാമ്യം
അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ അറസ്റ്റിലായ അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മൂന്നുമാസത്തിനിടെ ഒരു നോട്ടീസ് പോലും പൊലീസ് നൽകിയില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പൊലീസ് അറസ്റ്റ് ചെയ്ത ജയകൃഷ്ണൻ യഥാർഥ പ്രതി അല്ലെന്നും വാദം അഭിഭാഷകൻ വാദിച്ചു. കേസിലെ ഒന്നാംപ്രതി ബിജു ഉണ്ണിത്താന് മുൻകൂർ ജാമ്യം ലഭിച്ചതും പ്രധാനവാദമായി ഉയർത്തി. കഴിഞ്ഞ ദിവസമാണ് ജയകൃഷ്ണൻ പള്ളിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പറഞ്ഞിരുന്നു.
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ പ്രതികളും കുറ്റപത്രവും ഉടൻ ഉണ്ടാകുമെന്ന് പൊലീസും വ്യക്തമാക്കി. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതിയാകും. ശ്രീനാദേവി കുഞ്ഞമ്മയെയും കേസിൽ പ്രതിചേർത്തേക്കും. കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ചർച്ചയായതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. മൂന്നുമാസം മുൻപെടുത്ത എഫ്.ഐ.ആറിൽ ഇതുവരെ തുടർനടപടികൾ എടുത്തിരുന്നില്ല. സംഭവത്തെക്കുറിച്ച് ഡിജിപി, പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.
അതേസമയം, സ്റ്റേഷനുള്ളിൽ കയറി ശ്രീനാദേവി പ്രതിയെ കണ്ട സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. പുറത്തെ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നും, വനിതാ പൊലീസ് ഇല്ലാത്ത സമയത്ത് മറ്റ് പോംവഴികൾ ഇല്ലായിരുന്നുവെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എസ്.പിക്ക് വിശദീകരണം നൽകി.







