Asianet News MalayalamAsianet News Malayalam

മധു വധക്കേസ്; ജാമ്യം റദ്ദാക്കപ്പെട്ട 11 പ്രതികളും കോടതിയിൽ കീഴടങ്ങി

കേസിലെ 11-ാം പ്രതി ഒഴികെയുള്ള പതിനൊന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് പ്രതികള്‍ കോടതിയുടെ മുന്നില്‍ കീഴടങ്ങിയത്. 

Attapapdi Madhu Case 11 accuseds surrendered in court
Author
First Published Sep 19, 2022, 5:35 PM IST

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കപ്പെട്ട 11 പ്രതികളും മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങി. കേസിലെ 11-ാം പ്രതി ഒഴികെയുള്ള പതിനൊന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് പ്രതികള്‍ കോടതിയുടെ മുന്നില്‍ കീഴടങ്ങിയത്. 

മരക്കാർ, അനീഷ്, ബിജു, സിദ്ധിഖ്‌, അടക്കമുള്ളവരുടെ ഹർജികളാണ് തളളിയത്. സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. അതേസമയം, 11 ആം പ്രതി ഷംസുദ്ദീനിന്റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ശരിവെച്ച ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് മധുവിന്റെ സഹോദരി പ്രതികരിച്ചു. 

അതിനിടെ, അട്ടപ്പാടി മധുകൊലക്കേസിൽ ഒരു സാക്ഷികൂടി മൊഴിമാറ്റി. 46 ആം സാക്ഷി അബ്ദുൽ ലത്തീഫാണ് കൂറുമാറിയത്. പ്രതികൾ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മർദിക്കുന്നതും കണ്ടുവെന്നായിരുന്നു അബ്ദുൽ ലത്തീഫ് ആദ്യം നൽകിയ മൊഴി. ഇതാണ് വിചാരണക്കോടതിയിൽ തിരുത്തിയത്. മധുകൊലക്കേസിലെ പ്രതികളായ നജീബ്, മുനീർ എന്നിവരുടെ അച്ഛനാണ് അബ്ദുൽ ലത്തീഫ്. എന്നാല്‍, ഇന്ന് വിസ്തരിച്ച 44 ആം സാക്ഷി ഉമ്മറും 45 ആം സാക്ഷി മനോജും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.

അതേസമയം, മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും വിസ്താരം ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും മാറ്റി. വിചാരണ നടപടികൾ ചിത്രീകരിക്കണമെന്ന അമ്മ മല്ലിയുടെ ഹർജിയിൽ തീർപ്പ് കൽപ്പിച്ച ശേഷമാകും വിസ്താരം. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ആകെ 122 സാക്ഷികളാണ് മധുകേസിലുളളത്. ഇതില്‍ ഇതുവരെ 22 സാക്ഷികള്‍ കൂറുമാറി.

Follow Us:
Download App:
  • android
  • ios