പാലക്കാട്: അട്ടപ്പാടിയിൽ ചരിഞ്ഞ കുട്ടിക്കൊമ്പന്റെ പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയായി. ആനയുടെ വായിൽ മുറിവുണ്ടായിരുന്നു. നാക്ക് കീറിപ്പോയ അവസ്ഥയിലായിരുന്നു. ഇത് സ്ഫോടനം കൊണ്ട് ഉണ്ടായതല്ലെന്നാണ് നിഗമനം.

അതേസമയം സ്ഫോടകവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നുണ്ട്. സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചു. ആനയുടെ വയറ്റിൽ ട്യൂമർ ഉണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നതായി വ്യക്തമായി. സംഭവത്തിൽ രാസപരിശോധനാ ഫലം വന്നാലേ എന്താണ് ചരിയാനുള്ള കാരണമെന്ന് വ്യക്തമാകൂ.

ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്പനെ അവശനിലയിൽ ആദ്യം കണ്ടെത്തിയത്. വായിൽ ഗുരുതര പരിക്കേറ്റ് അവശ നിലയിലായിരുന്നതിനാൽ കൊമ്പന് ദിവസങ്ങളായി ഭക്ഷണമെടുക്കാൻ കഴിഞ്ഞിരുന്നില്ല. 

വായ പുഴുവരിച്ച നിലയിലായിരുന്ന ആന ആരെയും അടുപ്പിക്കുന്നുമുണ്ടായിരുന്നില്ല. ഏകദേശം അഞ്ച് വയസുള്ള കുട്ടിക്കൊമ്പന് എങ്ങനെയാണ് പരിക്ക് പറ്റിയത് എന്നതിനെക്കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.