പാലക്കാട്: അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ വനത്തിനകത്ത് തണ്ട‍ബോൾട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളെ പ്രതിയാക്കി കേസ് അന്വേഷിക്കരുതെന്ന് ബന്ധുക്കൾ. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കളാണ് എതിര്‍പ്പുമായി കോടതിയെ സമീപിച്ചത്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ പ്രതികളാക്കി കേസ് അന്വേഷിച്ചാൽ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിൽ പൊലീസുകാരെ പ്രതിചേര്‍ത്ത് അന്വേഷണം വരണം. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ഇവ‍ര്‍ കോടതിയിൽ ആവശ്യപ്പെട്ടു.

എന്നാൽ എല്ലാ ഏറ്റുമുട്ടൽ കേസുകളിലും പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കണമെന്നാണോ പറയുന്നതെന്ന് കോടതി ഇവരോട് തിരിച്ച് ചോദിച്ചു. അങ്ങനെ ചെയ്താൽ മാത്രമേ സുപ്രീം കോടതി വിധി ന്യായങ്ങളുടെ അടിസ്ഥാനത്തിൽ നീതി നടപ്പാവൂ എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മറുപടി നൽകി.