പാലക്കാട്: അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഇന്ന് കൈമാറില്ല. ഇവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അതിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് കാർത്തിയുടെ ഇടത് കൈപ്പത്തി വെടിയേറ്റ് തകർന്നതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

കാർത്തിയുടെ നെഞ്ചിന്റെ വലതുഭാഗത്തും വെടിയുണ്ട തുളച്ചുകയറിയിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ന് വിട്ടുനൽകില്ലെന്ന കാര്യം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അറിയിച്ചു. 

അതേസമയം നടപടിക്രമങ്ങൾ പാലിക്കാതെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് മാവോയിസ്റ്റുകളുടെ ബന്ധുക്കൾ. കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ മണിവാസകം, കാർത്തി എന്നിവരുടെ ബന്ധുക്കളാണ് ഈ നിലപാടെടുത്തത്.

അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗ്രോ വാസു രംഗത്തെത്തി. കൊല്ലപ്പെട്ടവരുടെ രക്തകറ കഴുകി കളയാൻ പിണറായിക്ക് ആവില്ലെന്ന് പറഞ്ഞ അദ്ദേഹം രക്തസാക്ഷികളെ സൃഷ്ടിക്കുന്ന സിപിഎം എങ്ങനെയാണ് രക്ത സാക്ഷി ദിനങ്ങൾ ആചരിക്കുന്നതെന്നും ചോദിച്ചു.