തൃശ്ശൂർ: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളിൽ ഒരാൾ ചെന്നൈ സ്വദേശി ശ്രീനിവാസനെന്ന് ബന്ധുക്കൾ. മൃതദേഹം ഇവർ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് അരവിന്ദൻ എന്ന പേരിൽ പൊലീസ് സൂക്ഷിച്ച മൃതദേഹമാണ് ശ്രീനിവാസന്റേതെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്.

ചെന്നൈയിൽ നിന്നെത്തിയ സഹോദരങ്ങളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എട്ട് വർഷം മുൻപ് വീടും നാടും ഉപേക്ഷിച്ച് പോയ ശ്രീനിവാസനെ കുറിച്ച് ബന്ധുക്കൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ല. ചെന്നൈയിൽ സിപിഎം പ്രവർത്തകനായിരുന്നു ഇയാളെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

മൃതദേഹം ശ്രീനിവാസന്റേത് തന്നെയാണെന്ന് ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്. വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് നീക്കം. ഇതിനായി സഹോദരങ്ങളെന്ന് അവകാശപ്പെട്ട രണ്ട് പേരുടെയും രക്തം ശേഖരിച്ചു.