അട്ടപ്പാടി: ഭവാനിപ്പുഴയിൽ വെള്ളമുയര്‍ന്ന് ഒറ്റപ്പെട്ടുപോയ ഊരിൽ നിന്ന് എട്ട് മാസം ഗര്‍ഭിണിയേയും കൈക്കു‍ഞ്ഞിനെയും  രക്ഷപ്പെടുത്തി.  ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. കുലംകുത്തിയൊഴുകുന്ന പുഴക്ക് കുറുകെ വടം കെട്ടി അതിൽ അച്ഛന്‍റെ മടിയിൽ ഇരുത്തിയാണ് ഒന്നര വയസ്സുള്ള കുട്ടിയേയും പുറത്തെത്തിച്ചത്. ശ്വാസമടക്കിപ്പിടിച്ചാണ് പുഴക്ക് അക്കരെ ഇക്കരെ ഉള്ളവര്‍ കാഴ്ച കണ്ടു നിന്നത്. 

"

തുടര്‍ന്നായിരുന്നു എട്ട് മാസം ഗര്‍ഭിണിയായ യുവതിയെയും ഇത്തരത്തിൽ പുഴ കടത്തിയത്. പുഴയിൽ വെള്ളം കയറുന്നതിനാൽ ഒഴിഞ്ഞുപോകണമെന്ന നിര്‍ദ്ദേശം ഇവര്‍ ആദ്യം അനുസരിച്ചിരുന്നില്ല. ഭവാനിപ്പുഴയുടെ തീരത്താണ് ഇവരുടെ വീട്. പുഴക്കിരുവശവുമുള്ള രണ്ട് മരങ്ങളിൽ റോപ്പ് വലിച്ചുകെട്ടിയായിരുന്നു മിഷൻ. 

ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം അട്ടപ്പാടി മിഷനിൽ പങ്കെടുത്തു . പുഴക്ക് ഇക്കരെ എത്തിച്ച ഗര്‍ഭിണിയായ യുവതിയെയും കൈക്കു‍ഞ്ഞിനെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ ഇത്തരത്തിൽ ഒട്ടേറെ ആളുകൾ അകപ്പെട്ട് പോയിട്ടുണ്ടെന്നാണ് വിവരം. 

മന്ത്രി എകെ ബാലനും പാലക്കാട് എംപി വികെ ശ്രീകണ്ഠനും അടക്കമുള്ള ജനപ്രതിനിധികളും അട്ടപ്പാടി മേഖലയിലേക്ക് എടത്തുന്നുണ്ട്. അട്ടപ്പാടിയിലെ ഊരുകളിൽ കുടുങ്ങിയവർക്ക് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഊരുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ തകർന്നതിനാൽ കയറ് കെട്ടിയാണ് സാധനങ്ങൾ എത്തിക്കുന്നത്. ഒറ്റപ്പെട്ടെങ്കിലും ആളുകൾ സുരക്ഷിതരെന്ന് അഗളി സർക്കിൾ ഇൻസ്പെക്ടർ ഹിദായത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.