അട്ടപ്പാടി കോട്ടത്തറയില്‍ കാറ്റാടിപ്പാടത്തിന്‍റെ മറവില്‍ ആദിവാസി ഭൂമി ഉള്‍പ്പടെ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിലാണ് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അന്വേഷണം പുനരാരംഭിച്ചത്

പാലക്കാട്: അട്ടപ്പാടിയിലെ കാറ്റാടി ഭൂമി തട്ടിപ്പില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് നീക്കം. വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുത്തവരെ കണ്ടെത്തുന്നതിനും കാറ്റാടിക്കന്പനിയുടെ പക്കല്‍ എത്ര ഭൂമിയുണ്ടെന്ന് അറിയുന്നതിനുമാണ് പരിശോധന. കേസന്വേഷിക്കുന്ന പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന നടന്നേക്കും.

അട്ടപ്പാടി കോട്ടത്തറയില്‍ കാറ്റാടിപ്പാടത്തിന്‍റെ മറവില്‍ ആദിവാസി ഭൂമി ഉള്‍പ്പടെ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിലാണ് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അന്വേഷണം പുനരാരംഭിച്ചത്. കേസേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ദേവദാസിന്‍റെ നേതൃത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. പിന്നാലെയാണ് സംയുക്ത സംഘത്തിന്‍റെ പരിശോധനയ്ക്ക് അനുമതി തേടിയത്. റവന്യൂ, സര്‍വ്വേ, വനം വകുപ്പിന്‍റെ സഹകരണത്തോടെയാവും പരിശോധന. കാറ്റാടിക്കന്പനിയുടെ പക്കലിപ്പോള്‍ എത്ര സ്ഥലമുണ്ട്, ആദിവാസികളുടെയും വനം വകുപ്പിന്‍റെയും ഭൂമി ആരാണ് വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തത് തുടങ്ങിയ കാര്യങ്ങള്‍ ഈ പരിശോധനയില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോട്ടത്തറ വില്ലേജിലെ 1275 സര്‍വ്വേനന്പറില്‍ പെട്ട 224 ഏക്കര്‍ ഭൂമി തട്ടിയെടുത്തതിന് അഗളി, ഷോളയൂര്‍ പൊലീസ് സ്റ്റേഷനുകളിലായി മൂന്നുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അന്പതേക്കര്‍ വനഭൂമിയും 170 ഏക്കര്‍ ആദിവാസി ഭൂമിയുമുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. 85.21 ഏക്കര്‍ ഭൂമി തിരിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടെങ്കിലും കാറ്റാടി കന്പനി ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. പിന്നീട് നടപടികളൊന്നുമുണ്ടായിരുന്നില്ല.