തിരുവനന്തപുരം: വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍. വാളയാർ കേസിനെ ചൊല്ലി കേരള സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പാർട്ടി ശത്രുക്കളും ചില ബൂർഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങൾ വിലപ്പോവില്ലെന്നും പട്ടിക ജാതിക്കാർക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സർക്കാരാണ് ഇപ്പോൾ ഈ നാടു ഭരിക്കുന്നതെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

പാലക്കാട് ജില്ലയിലെ വാളയാർ അട്ടപ്പളളത്ത്, ലൈംഗിക ചൂഷണത്തെ തുടർന്ന് എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു ദളിത് പെൺകുട്ടികൾ 'ആത്മഹത്യ' ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ അതി കഠിനമായി അപലപിക്കുന്നു.

ദരിദ്രരും ദളിതരുമായ പെൺകുട്ടികളെ ഓർത്തു മുതലക്കണ്ണീർ ഒഴുക്കുന്നതിനൊപ്പം കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു. പോലീസും പ്രോസിക്യൂട്ടറും വഹിച്ച ചരിത്രപരമായ പങ്കിനെ അഭിവാദ്യം ചെയ്യുന്നു.

വാളയാർ കേസിനെ ചൊല്ലി കേരള സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പാർട്ടി ശത്രുക്കളും ചില ബൂർഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങൾ വിലപ്പോവില്ല. നവോത്ഥാന മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ, പട്ടിക ജാതിക്കാർക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സർക്കാരാണ് ഇപ്പോൾ ഈ നാടു ഭരിക്കുന്നത്.