മണി ലോണ്ടറിംഗ് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി 11 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടൻ അയക്കണമെന്ന് ആവശ്യപ്പെട്ടാണ് മുത്രത്തിക്കര സ്വദേശിയായ 85കാരൻ ബാങ്കിലെത്തിയത്.

തൃശ്ശൂർ: തൃശ്ശൂരിൽ ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന്റെ പണം തട്ടിയെടുക്കാൻ ശ്രമം. ഇരിങ്ങാലക്കുടയിലാണ് സംഭവം. മണി ലോണ്ടറിംഗ് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി 11 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടൻ അയക്കണമെന്ന് ആവശ്യപ്പെട്ടാണ് മുത്രത്തിക്കര സ്വദേശിയായ 85കാരൻ ബാങ്കിലെത്തിയത്. പരാതിക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാനേജർ കൂടുതൽ വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പറപ്പൂക്കര സിഎസ്ബി ബാങ്ക് മാനേജരായ ആൻ മരിയാ ജോസിന്റെ സമയോചിതമായ ഇടപെടലിലാണ് വയോധികന് പണം നഷ്ടമാകാതിരുന്നത്. ഇയാൾക്ക് രണ്ട് ഫോൺ നമ്പറുകളിൽ നിന്ന് മാറിമാറി വീഡിയോ കോളുകൾ വന്നിരുന്നു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി ബാങ്ക് അക്കൗണ്ടിലെ പണം 'വെരിഫൈ' ചെയ്യാൻ അയച്ചു നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ആവശ്യത്തിനായാണ് വയോധികൻ ബാങ്കിലെത്തിയത്. തൃശ്ശൂർ റൂറൽ സൈബർ പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് വയോധികനെ തിരിച്ചയച്ചത്.

YouTube video player