തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസനാണ് പരാതി നൽകിയത്. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി പറഞ്ഞാൽ അഞ്ചു സെൻ്റ് ഭൂമിയും 25 ലക്ഷം രൂപയും നൽകാമെന്നാണ് വാഗ്ദാനം. 

കൊല്ലം സ്വദേശി നാസറാണ് വിളിച്ചതെന്ന് പരാതിയിൽ പറയുന്നു. പീച്ചി പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി ജയിലിൽ കഴിയുന്നതിനിടെ മറ്റൊരു കേസിൽ പ്രതിയായി ജീൻസൻ ജയിലിൽ ഉണ്ടായിരുന്നു. അന്ന് കേസുമായി ബന്ധപ്പെട്ട് പല വിവരങ്ങളും പൾസർ സുനി ജിൻസനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ മൊഴിയായി പോലീസിന് നൽകിയിട്ടുണ്ട്. ദിലീപിനെ പ്രതി ചേർക്കുന്നതിലേക്കും രണ്ടാം ഘട്ടം കേസന്വേഷണം നീങ്ങിയതിലേക്കും ജീൻസന്റെ മൊഴികൾ നിർണായകമായിരുന്നു.