Asianet News MalayalamAsianet News Malayalam

കെഎസ്എഫ്ഇയിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്; ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി, പിന്നാലെ രാഷ്ട്രീയ വിവാദം

കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്. ചിട്ടിയുടെ മറവിൽ കള്ളപ്പണം വെളിപ്പിക്കാൻ ശ്രമം നടത്തുണ്ടെന്നും ജീവനക്കാർ ബെനാമിപ്പേരിൽ ചിട്ടികളിൽ ചേരുന്നുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തൽ

Attempt to launder black money Vigilance alleges massive irregularities in KSFE Finance Minister says it is pure nonsense
Author
Kerala, First Published Nov 28, 2020, 7:45 PM IST

തിരുവനന്തപുരം: കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്. ചിട്ടിയുടെ മറവിൽ കള്ളപ്പണം വെളിപ്പിക്കാൻ ശ്രമം നടത്തുണ്ടെന്നും ജീവനക്കാർ ബെനാമിപ്പേരിൽ ചിട്ടികളിൽ ചേരുന്നുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. എന്നാൽ കണ്ടെത്തലുകൾ ശുദ്ധ അസംബന്ധമാണെന്ന് പറഞ്ഞ് വിജിലൻസിനെ ധനമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞു.

കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയെ ചൊല്ലി നടക്കുന്നത് അസാധാരണ സംഭവവികാസങ്ങളാണ്. സർക്കാറിന്റെ അഭിമാന സ്ഥാപനമായ ധനകാര്യസ്ഥാപനത്തിലെ ഓപ്പറേഷൻ ബചത്തിൽ കണ്ടെത്തിയത് വലിയ ക്രമക്കേടുകൾ. വൻതുക അടക്കേണ്ട ചിട്ടികൾ മറയാക്കി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നാണ് പ്രധാനകണ്ടെത്തൽ. 

ചില വ്യക്തികൾ സ്വന്തം പേരിലും ബെനാമിപ്പേരിലും ഇത്തരം വൻചിട്ടികളിൽ ചേരുന്നതാണ് സംശയം കൂട്ടുന്നത്. ഇത്തരക്കാ‌ർ അടിക്കുന്ന ചിട്ടികൾ മാത്രമേ തുടരുന്നുള്ളൂ. ചിട്ടിയിൽ ചേരാൻ ആളുകളെ തികയാതെ വന്നാൽ കെഎസ്എഫ്ഇ മാനേജറും ജീവനക്കാരും തന്നെ ബിനാമിപ്പേരിൽ ചേർന്ന് എണ്ണം തികയ്ക്കും.

ആദ്യ നറുക്കെടുപ്പോ ലേലത്തിനോ ശേഷം എഴുതിച്ചേർക്കുന്ന ചിട്ടികളിൽ മാസവരി നൽകുന്നില്ല, ചിറ്റാളന്മാറുടെ ചെക്ക് പണമായിമാറ്റുന്നതിന് മുമ്പെ അവരെ ചിിട്ടിൽ പങ്കെടുക്കാൻ അനുമതി നൽകുന്നു എന്നിവയാണ് മറ്റ് ക്രമക്കേടുകൾ. എന്നാൽ മുഖ്യമന്ത്രിക്കു കീഴിലുള്ള വിജിലൻസിനറെ നടപടിയെ ധനമന്ത്രി രൂക്ഷമായി വിമർശിച്ചു.

ട്രഷറിയിലേക്ക് കെഎസ്എഫ്ഇ അന്നന്നു പണമടക്കേണ്ട കാര്യമില്ലെന്നും മുടങ്ങുന്ന ചിട്ടികളിൽ പകരം ആളെ ചേർക്കുന്നത് തെറ്റല്ലെന്നും കെഎസ്എഫ്ഇ ചെയർ‍മാൻ പറഞ്ഞു. ധനമന്ത്രി വിജിലൻസിനെ തള്ളുമ്പോഴും ഒരുമാസമായി ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിജിലൻസ് വിശദീകരണം. 

40 ശാഖകളിൽ പരിശോധനയിൽ 35ലും ക്രമക്കേട് കണ്ടെത്തി. തിങ്കളാഴ്ച് പരിശോധനയെകുറിച്ചുള്ള വാർത്താകുറിപ്പ് തിങ്കളാഴ്ച പുറത്തിറക്കും. എസ്പിമാർ നൽകുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് കൈമാറും

തോമസ് ഐസക്കിന്റെ അതൃപ്തിയും രാഷ്ട്രീയ വിവാദവും

 കെഎസ്എഫ്ഇ യില്‍ നടന്ന വിജിലന്‍സ് റയ്ഡില്‍ അതൃപ്തി പരസ്യമാക്കി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നത് രാഷ്ട്രീയവിവാദമായി. റെയ്ഡിനെയും റെയ്ഡ് നടന്ന സമയത്തെയും ഐസക്ക് ചോദ്യം ചെയ്തത് സിപിഎം കേന്ദ്രങ്ങളിലും ചര്‍ച്ചയായി. എല്ലാ ഓഡിറ്റിനെയും തോമസ് ഐസക്ക് പേടിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷവും വിഷയം ഏറ്റുപിടിച്ചു.

സംസ്ഥാനത്ത് അന്വേഷണങ്ങളുടെ പെരുമഴയാണ്. മാസങ്ങളായി ഇതേച്ചൊല്ലിയാണ് രാഷ്ട്രീയം ചുറ്റിത്തിരിയുന്നത്. കെഎസ്എഫ്ഇയിലും കള്ളപ്പണ ഇടപാട് നടക്കുന്നുവെന്ന ആരോപണം ഇഡിയടക്കം കേന്ദ്ര ഏജന്‍സികളെ സ്വയം വിളിച്ച് വരുത്തുന്നതാണെന്നാണ് ധനവകുപ്പിന്‍റെ പരാതി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വിജിലന്‍സിന്‍റെ നടപടി അസംബന്ധമെന്ന് പറഞ്ഞ് ഈ സമയം ശരിയല്ലെന്ന ഐസക്കിന്‍റെ വാദത്തില്‍ എതിര്‍പ്പെല്ലാമുണ്ട്.

തനിക്കെതിരെ വിജിലന്രാ‍സിനെ കൊണ്ട് രാഷ്ട്രീയപ്രേരിതമായ അന്വേഷണം നടത്താനൊരുങ്ങുന്നുവെന്ന് പരാതിയുള്ള ചെന്നിത്തല പക്ഷേ ഈ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. ഐസക്കിന് എല്ലാ ഓഡിറ്റും പേടിയാണെന്ന് പരിഹസിച്ചാണ് പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം

പൊലീസ് നിയമഭേദഗതിയില്‍ കൈപൊള്ളി നില്‍ക്കുന്ന മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും  കെഎഎഫ്ഇ യിലെ വിജിലന്‍സ് റെയ്ഡ് തിരിച്ചടിയായി. കേന്ദ്ര അന്വേഷണങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതല്ലേ ഈ നടപടിയെന്ന സംശയം മിക്ക സിപിഎം നേതാക്കളും പങ്കുവയ്ക്കുന്നു. 

കേന്ദ്രമന്ത്രി വി മുരളീധരനടക്കം എല്ലാ പ്രതിപക്ഷ നേതാക്കളും വിഷയം ഏറ്റുപിടിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇനി ഇടതുപക്ഷത്തിന് കെഎ്എഫ്ഇ യുടെ സുതാര്യത കൂടി പറയേണ്ടി വരും, പ്രതിപക്ഷത്തിനാകട്ടെ ചൂടുള്ള മറ്റൊരു അഴിമതിക്കഥ കൂടി കിട്ടുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios