തിരുവനന്തപുരം: കൊവിഡ് ഭീതിയിൽ മൃതദേഹം സംസ്കരിക്കാൻ നഗരസഭാ ജീവനക്കാർ പോലും തയാറാകാതിരുന്നപ്പോൾ പിപിഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്കരിച്ച് നഗരസഭാ ചെയർമാൻ. തിരുവനന്തപുരം  അ‍ഞ്ചുതെങ്ങിൽ മരിച്ച ജൂഡിയുടെ മൃതദേഹമാണ് ആരും തയാറാകാതിരുന്നപ്പോൾ നഗരസഭാ ചെയർമാൻ തന്നെ സംസ്കരിച്ചത്.    

സ്ഥലമില്ലാത്തതിനാലാണ് അഞ്ചുതെങ്ങിൽ മരിച്ച ജൂഡിയുടെ മൃതദേഹം സംസ്കരിക്കാൻ ആറ്റിങ്ങൽ നഗരസഭാ ശ്മശാനത്തിലെത്തിച്ചത്. നടപടികൾ പൂർത്തിയാക്കിയെങ്കിലും എതിർപ്പുമായി നാട്ടുകാരെത്തി. കാരണം,  ജനവാസ മേഖലയിൽ മൃതദേഹം സംസ്കരിക്കുന്നതിലെ ഭീതി.

പൊലിസും ആരോഗ്യപ്രവർത്തകരുമെത്തി ഏറെനേരത്തെ ചർച്ചക്കൊടുവിൽ  അനുനയിപ്പിച്ച് ഇനി കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഇങ്ങോട്ടു കൊണ്ടു വരില്ലെന്ന ഉറപ്പിൽ സംസ്കാരത്തിന് ധാരണയായി.

ഇതിനിടയിലാണ് ജീവനക്കാരും മാറിനിന്നത്.  ഒടുവിൽ പിപിഇ കിറ്റണിഞ്ഞ് നേതൃത്വം നൽകിയത് നഗരസഭാ ചെയർമാൻ എം പ്രദീപ് തന്നെ. ചുമതയിൽ നിന്ന് ഒഴിഞ്ഞുമാറിയ രണ്ട് ജീവനക്കാരെയും പിരിച്ചുവിട്ടതായി നഗരസഭാ ചെയർമാൻ പറഞ്ഞു.