Asianet News MalayalamAsianet News Malayalam

ആറ്റുകാൽ പൊങ്കാല ഇന്ന്, വിശ്വാസികളുടെ തിരക്കിൽ തലസ്ഥാന നഗരം, പത്തരയ്ക്ക് പണ്ടാര അടുപ്പിൽ തീപകരും

പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. രണ്ടരയ്ക്കാണ് നിവേദ്യം.വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്.

attukal pongala festival today apn
Author
First Published Feb 25, 2024, 6:14 AM IST

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം. പൊങ്കാല അർപ്പിക്കാനെത്തിയവരുടെ തിരക്കിലാണ് പുലർച്ചെ തന്നെ തിരുവനന്തപുരം നഗരം. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. 
രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഭക്തരുടെ തിരക്കാണ് നഗരം.  ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തും

 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി , പൊങ്കാല ദിവസം വിപുലമായ ആരോഗ്യ സേവനങ്ങള്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങിലാണ് ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. സൂര്യാതപം പോലുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്‌ളൂയിഡ്, ഒആര്‍എസ്, ക്രീമുകള്‍ എന്നിവ ഈ ക്ലിനിക്കുകളില്‍ സജ്ജമാക്കി. ഉയര്‍ന്ന ചൂട് കൊണ്ടുള്ള എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ ഈ ക്ലിനിക്കുകളുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 

നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. ചുറ്റുപാടുള്ള 6 സര്‍ക്കാര്‍ ആശുപത്രികള്‍, 10 സ്വകാര്യ ആശുപത്രികള്‍ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളായി പ്രവര്‍ത്തിക്കും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കും.

കനിവ് 108ന്റെ 12 ആംബുലന്‍സുകള്‍, ബൈക്ക് ഫസ്റ്റ് റസ്‌പൊണ്ടെര്‍, ഐസിയു ആംബുലന്‍സ്, മറ്റ് വകുപ്പുകളുടെ 10 ആംബുലന്‍സുകള്‍, സ്വകാര്യ ആശുപത്രികളുടെ 7 ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം, 5 പ്രത്യേക സ്‌ക്വാഡുകള്‍ എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.

 

 

Latest Videos
Follow Us:
Download App:
  • android
  • ios