ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള തിരുവനന്തപുരത്തെ ശുചീകരണത്തിൽ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു.  

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള തലസ്ഥാനത്തെ ശുചീകരണവുമായി ബന്ധപ്പെട്ട് വീഴ്ചകൾ അനുവദിക്കില്ലെന്നും പരിശോധനയ്ക്ക് ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയതായും വി ശിവൻകുട്ടി. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഭക്തജനലക്ഷങ്ങൾ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ, ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർ.ഡി.ഒ - യെ ചുമതലപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകൾ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നഗരത്തെ പൂർവ്വസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ശിവൻകുട്ടി വ്യക്തമാക്കി.

നഗരത്തിൽ മാലിന്യ പ്രശ്നം 

പൊങ്കാല കഴിഞ്ഞ രാത്രി തന്നെ, തിരുവനന്തപുരം നഗരം ക്ലീനാക്കിയെന്നായിരുന്നു കോർപ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം. പക്ഷെ പലയിടങ്ങളിലും മാലിന്യനീക്കം പൂർത്തിയായിട്ടില്ല. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മാലിന്യം നിറഞ്ഞു കിടക്കുകയാണ്. നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. മാലിന്യം നീക്കം പൂർത്തിയാക്കത്തിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ ശ്രുതിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. എന്നാൽ ഡിവൈഎഫ്ഐയുടേത് വെറും രാഷ്ട്രീയ ആരോപണമെന്നാണ് മേയറുടെ പ്രതികരണം. 

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കാത്തത് എന്താണെന്ന് പരിശോധിക്കുമെന്നും മേയർ പറയുന്നു. ഉദ്യോഗസ്ഥരിൽ ചിലർ ഒത്തുകളിച്ചെന്നും ആരോപണമുണ്ട്. പൊങ്കാലയ്ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് മനപ്പൂർവ്വം കുടിവെള്ളക്ഷാമമുണ്ടാക്കിയെന്ന് ബിജെപി ആരോപിച്ചിരുന്നു. പതിവില്ലാത്ത വിധം മാലിന്യനീക്കം പൂർത്തിയാകാതിരുന്നത് ആയുധമാക്കുകയാണ് ഇപ്പോൾ സിപിഎം.