റംസാന്‍ മാസത്തില്‍ റെനീഷ പൊങ്കാലയിട്ടത് ശരിയായില്ല എന്നും വിശ്വാസമില്ലാതെ, ശ്രദ്ധ കിട്ടാന്‍ വേണ്ടി ചെയ്തതാണെന്നും കമന്‍റുകള്‍ വന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുകയാണ് റെനീഷ.

നടിയും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ റെനീഷ റഹ്‍മാന്‍ ഇത്തവണ ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നത്. റംസാന്‍ മാസത്തില്‍ റെനീഷ പൊങ്കാലയിട്ടത് ശരിയായില്ല എന്നും വിശ്വാസമില്ലാതെ, ശ്രദ്ധ കിട്ടാന്‍ വേണ്ടി ചെയ്തതാണെന്നും കമന്‍റുകള്‍ വന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുകയാണ് റെനീഷ.

'നല്ല ഉദ്ദേശത്തോടുകൂടി ചെയ്ത ഒരു കാര്യം തെറ്റായ രീതിയില്‍ ആളുകള്‍ വ്യാഖ്യാനിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. പാളയം പള്ളിയുടെ മുന്നിൽ ഇരുന്ന് പൊങ്കാല ഇടുന്നതിനെ ദിസ് ഈസ് കേരള സ്റ്റോറിയെന്ന് പറയുകയും എന്‍റെ അക്കൗഡിന് താഴെ വന്ന് നെഗറ്റിവിറ്റി സ്പ്രെഡ് ചെയ്യുകയും ചെയ്യുന്ന ഈ രീതി പലരുടെയും ഫ്രസ്ട്രേഷന്റെ പുറത്ത് കാണിക്കുന്നതാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഇതിപ്പോൾ നോമ്പ് സമയത്ത് ആയതുകൊണ്ടാണോ ഇങ്ങനെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് എന്ന് എനിക്ക് അറിയില്ല. ഞാൻ നോമ്പ് എടുക്കുന്ന വ്യക്തിയാണ്. ഷൂട്ടിംഗ് സെറ്റിൽ പോലും നോമ്പ് എടുക്കാറുണ്ട്. പൊങ്കാലയുടെ തലേ ദിവസം പോലും ഞാന്‍ നോമ്പ് എടുത്തിരുന്നു. പക്ഷേ പൊങ്കാലയുടെ അന്ന് ഞാൻ നോമ്പെടുത്തിട്ടില്ലായിരുന്നു. ഞാന്‍ നോമ്പും എടുത്തുകൊണ്ടാണ് പൊങ്കാലയിടാന്‍ വന്നതെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. അത് അങ്ങനെയല്ല'- റെനീഷ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

'പൊങ്കാല ഇടുന്നതിന്റെ തലേ ദിവസം നമ്മൾ ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ എന്നുണ്ട്. അത് ശരിക്കും എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ തലേ ദിവസം എനിക്ക് നോമ്പുള്ളത് കാരണം ഞാൻ നോമ്പ് തുറന്ന ആ ഒരു സമയം മാത്രമേ ഭക്ഷണം കഴിച്ചിട്ടുള്ളൂ. അതും ഞാൻ ഒരു അനുഗ്രഹമായിട്ടാണ് കരുതുന്നത്. വളരെ വിശ്വാസത്തോടെ തന്നെയാണ് ഞാന്‍ എന്‍റെ കന്നി പൊങ്കാലയിട്ടത്. എന്‍റെ ഷൂട്ടിംഗ് സെറ്റില്‍ പലരും പറയുന്നത് കേള്‍ക്കാറുണ്ട് പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ആറ്റുകാല്‍ അമ്മ നടത്തി തരാറുണ്ട് എന്നൊക്കെ. പൊങ്കാല കിറ്റ് ആർക്കൊക്കെയാണ് വേണ്ടത് എന്ന് നമ്മുടെ പ്രൊഡക്ഷന്‍ കൺട്രോളർ ചോദിച്ചപ്പോഴാണ് എന്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത വന്നത്. ഒരു ആഗ്രഹം മനസില്‍ കരുതി തന്നെയാണ് ഞാനും പൊങ്കാലയിട്ടത്. ഞാന്‍ എല്ലാ ദൈവങ്ങളിലും വിശ്വസിക്കുന്ന ഒരാളാണ്. ദൈവങ്ങള്‍ എല്ലാം ഒന്ന് തന്നെയല്ലേ എന്നാണ് ഞാൻ കരുതുന്നത്. ദൈവം എന്ന് പറയുന്നത് ഒരു വെളിച്ചമാണ്. നമ്മളെ മുന്നോട്ട് പോകാൻ ഒരു ശക്തി തരുന്ന, അല്ലെങ്കിൽ ഒരു വിശ്വാസം തരുന്ന, നമുക്ക് എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ പറഞ്ഞു കരയാനുള്ള ഒരു ഹോപ്പ് ഓഫ് ലൈറ്റ് എന്ന രീതിയിലാണ് ഞാന്‍ കാണുന്നത്'- റെനീഷ കൂട്ടിച്ചേര്‍ത്തു.