Asianet News MalayalamAsianet News Malayalam

Ansi Kabeer| മിസ് കേരളയുടെ മരണം: മത്സരയോട്ടം നടത്തിയെന്ന് സംശയിക്കുന്ന കാറിലെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു

ഓഡി കാർ ചേസ് ചെയ്തതാണ് അപകടത്തിനയാക്കിയതെന്നാണ് അപകടത്തിൽ പെട്ട കാർ ഡൈവർ അബ്ദുൾ റഹ്മാൻ്റെ മൊഴി.  അപകടത്തിൽപ്പെട്ട കാറിന്  പിറകെ ഓഡി കാർ പായുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്

Audi car owner who chased the vehicle of ansi kabeer summoned to police station
Author
Kochi, First Published Nov 13, 2021, 4:40 PM IST

കൊച്ചി: മിസ് കേരള അൻസി കബീറും (ansi kabeer) അഞ്ജന ഷാജനും (Anjana shajan) കൊല്ലപ്പെട്ട വാഹനാപകടത്തിൽ അന്വേഷണം വിപുലീകരിച്ച് പൊലീസ്. അപകടത്തിൽപ്പെട്ട കാർ മറ്റൊരു വാഹനവുമായി മത്സരയോട്ടത്തിലായിരുന്നുവെന്ന ഡ്രൈവർ അബ്ദുൾ റഹ്മാൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ വാഹനത്തെ പിന്തുടർന്ന ഓഡി കാർ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നു.  എറണാകുളം സ്വദേശി സൈജുവിനെ പാലാരിവട്ടം സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. 

ഓഡി കാർ ചേസ് ചെയ്തതാണ് അപകടത്തിനയാക്കിയതെന്നാണ് അപകടത്തിൽ പെട്ട കാർ ഡൈവർ അബ്ദുൾ റഹ്മാൻ്റെ മൊഴി.  അപകടത്തിൽപ്പെട്ട കാറിന്  പിറകെ ഓഡി കാർ പായുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരു സംഘവും മത്സരയോട്ടം നടത്തിയതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 

 മിസ് കേരള അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടത് അപകട മരണം ആണെന്ന കാര്യത്തില്‍ പൊലീസിന് സംശയമില്ല. പക്ഷേ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോള്‍ പൊലീസിന്‍റെ പ്രധാന അന്വേഷണ വിഷയം. ഇതിനിടെയാണ് കേസില്‍ വഴിത്തിരിവിന് ഇടയാക്കിയേക്കാവുന്ന അബ്ദുള്‍ റഹ്മാന്‍റെ മൊഴി. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത് മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ്. ഗുരുതരമായി പരിക്കേറ്റ് റഹ്മാന്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഢിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്‍ററിൽ ചികിത്സയിലാണ്. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന റഹ്മാൻ മൊഴി നൽകിയത്.  

അപകട ശേഷം നിമിഷങ്ങൾക്ക് ഓഡി കാ‍ർ തിരികെ അപകട സ്ഥലത്തെത്തുന്നതിൻ്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്. കാറിൽ നിന്ന് ഇവരുടെ സുഹൃത്തായ  റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തേവര ഭാഗത്ത് ഓഡി കാര്‍ അപകടം സംഭവിച്ച കാറിന് പിറകെ പായുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരു സംഘങ്ങളും മത്സരയോട്ടം നടത്തിയോ എന്ന സംശയം പൊലീസിനുണ്ട്. ഗുരുതരമായ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണോ റഹ്മാന്‍ കാര് ചേസിന്‍റെ കാര്യം പറയുന്നതെന്ന സംശയവും പൊലീസിനുണ്ട്.  

ഓഡി കാറിലുണ്ടായിരുന്ന റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. ചികില്‍സയില്‍ കഴിയുന്നതിനാല്‍ പൊലീസിന് ഇത് വരെ റഹ്മാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നിശാ പാര്‍ട്ടി നടന്ന  ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ റോയ് ഉള്‍പ്പെടെ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.  പാര്‍ട്ടിനടന്ന രാത്രിയിലെ ഹോട്ടലിലെ ചില സിസിടിവി ദൃശ്യങ്ങള്‍ കാണാതായതിലും പൊലീസിന് ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

അപകടത്തിനിടയാക്കിയ കാർ തട്ടിയ ബൈക്ക് യാത്രക്കാരൻ ഡിനിലിനേയും പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പൊലീസ് മൊഴിയെടുക്കുന്നുണ്ട്. അപകടസമയത്ത് പിറകിൽ നിന്ന് കാർ വരുന്നത് തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഡിനിൽ മാധ്യമങ്ങളോട് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് റോഡിൽ ഇടതുവശത്തോട് ചേർന്നാണ് താൻ ബൈക്കോടിച്ചിരുന്നതെന്നും ഡിനിൽ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios