Asianet News MalayalamAsianet News Malayalam

'പ്രവര്‍ത്തനപരിധി ലംഘിച്ചും വായ്‍പ', കൊല്ലൂര്‍വിള സര്‍വ്വീസ് സഹകരണ ബാങ്ക് ക്രമക്കേടിന് കൂടുതല്‍ തെളിവുകള്‍

മാര്‍ക്കറ്റ് വില നോക്കാതെ അധിക വായ്പ്പ നൽകിയതിനൊപ്പം തന്നെ ഓഡിറ്റ് റിപ്പോര്‍ട്ടിൽ കൊല്ലൂര്‍വിള സര്‍വ്വീസ് സഹകരണ ബാങ്കിലെ പ്രധാന ക്രമക്കേടായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് പ്രവര്‍ത്തന മേഖല ലംഘിച്ചുള്ള വായ്പ്പ നൽകലാണ്. 

Audit report that kolloorvila  Service Co operative Bank violated the operating limits and provided crores of loans
Author
First Published Jan 28, 2023, 9:51 AM IST

കൊല്ലം: കൊല്ലൂര്‍വിള സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പ്രവര്‍ത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പശു വളര്‍ത്തി ഉപജീവനം നടത്തുന്ന വെള്ളിമണ്‍ സ്വദേശിനിയായ ബീനയുടെ പേരിൽ ബാങ്ക് അനധികൃതമായി നൽകിയത് രണ്ടുകോടി രൂപ. എന്നാൽ വായ്പ്പയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നും ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണെന്നും ബീന പറയുന്നു. 

മാര്‍ക്കറ്റ് വില നോക്കാതെ അധിക വായ്പ്പ നൽകിയതിനൊപ്പം തന്നെ ഓഡിറ്റ് റിപ്പോര്‍ട്ടിൽ കൊല്ലൂര്‍വിള സര്‍വ്വീസ് സഹകരണ ബാങ്കിലെ പ്രധാന ക്രമക്കേടായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് പ്രവര്‍ത്തന മേഖല ലംഘിച്ചുള്ള വായ്പ്പ നൽകലാണ്. ഇത്തരത്തിൽ 2016 ൽ വെള്ളിമണ്‍ സ്വദേശിനിയായ ബീനയുടെ പേരിലുള്ള രണ്ട് സ്ഥലങ്ങൾ ഈട് വെച്ച് എട്ട് പേരുടെ പേരിൽ ബാങ്ക് അനുവദിച്ചത് രണ്ടുകോടി രൂപയാണ്. 2021 വരെ ഒരു രൂപ പോലും തിരിച്ചടച്ചില്ല. കോടികൾ വായ്പ്പയെടുത്ത ബീനയെ അന്വേഷിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘം പോയി.

മുഖത്തലയിൽ പശുവിനെ വളര്‍ത്തി ഉപജീവനം നടത്തുകയാണ് ബീനയിന്ന്. ബീനയുടെ പേരിൽ ഭര്‍ത്താവാണ് ലോണെടുത്തതെന്ന് ബാങ്ക് പറയുന്നു. കൊവിഡ് ബാധിച്ച് കുറച്ചു നാൾ മുമ്പ് ഭര്‍ത്താവ് മരിച്ചു. ലോണിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നാണ് വീട്ടമ്മ പറയുന്നത്.

ബാങ്ക് ഇത്തരത്തിൽ പ്രവര്‍ത്തന മേഖല ലംഘിച്ച് ലോണ്‍ നൽകിയത് നിരവധി പേര്‍ക്കെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. വായ്പ്പക്കുടിശ്ശികകൾ തിരിച്ചു പിടിക്കുന്നതിൽ ബാങ്കിന് വീഴ്ച്ചയുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ബീനയുടെ ലോണുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ നില നിൽക്കുകയാണെന്നാണ് ഭരണസമിതിയുടെ വിശദീകരണം. 2020 - 21  ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചതിനാൽ പ്രവര്‍ത്തന പരിധി ലംഘിച്ച് നൽകിയ ചില വായ്പ്പകൾ തീര്‍പ്പാക്കിയെന്നുമാണ് ബാങ്കിന്‍റെ വാദം.

Follow Us:
Download App:
  • android
  • ios