മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചു. ചോറ്റാനിക്കര കോടതിയിലെ കേസ് വയനാട്ടിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. ഇതോടെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസും വഞ്ചനാകേസും ഒരേ കോടതി പരിഗണിക്കും.
ദില്ലി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി. ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നും കേസ് വയനാട്ടിലേക്ക് മാറ്റണമെന്നുമുള്ള റോജി അഗസ്റ്റിൻ്റെ ഹർജി സുപ്രീം കോടതി അംഗീകരിച്ചു. രണ്ട് കേസും ഒരേ കോടതിയിൽ വിചാരണ നടത്താൻ സുപ്രീം കോടതി നിർദേശം നൽകി. ഇതോടെ മുട്ടിൽ മരംമുറിയിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുന്ന കോടതി തന്നെ വഞ്ചനാകേസും പരിഗണിക്കും.
വയനാട്ടിൽ നിന്ന് മുറിച്ചു കടത്തിയ മരങ്ങൾ, വിൽക്കാൻ പാസ് ഉണ്ടെന്ന് കാണിച്ച്, തടി വ്യവസായി അലിയാർക്ക് വിറ്റിരുന്നു. തുടർന്ന് അലിയാർ നൽകിയ വഞ്ചന കേസിൽ അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ വിചാരണയാണ് വയനാട്ടിലേക്ക് ഇപ്പോൾ മാറ്റിയത്. സുപ്രീം കോടതിയിൽ ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിനാണ്. സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ചോറ്റാനിക്കരയിലെ കേസ് വയനാട്ടിലേക്ക് മാറ്റും.


