ഓസ്ട്രേലിയയിലും ലണ്ടനിലും ജോലി വാഗ്ദാനം ചെയ്ത് വിഴിഞ്ഞം സ്വദേശികളിൽ നിന്നും നിന്നും 21 ലക്ഷം തട്ടിയെടുത്തതായി പരാതി

തിരുവനന്തപുരം: ഓസ്ട്രേലിയയിലും ലണ്ടനിലും ജോലി വാഗ്ദാനം ചെയ്ത് വിഴിഞ്ഞം സ്വദേശികളിൽ നിന്നും നിന്നും 21 ലക്ഷം തട്ടിയെടുത്തതായി പരാതി. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം നൽകി കോട്ടപ്പുറം സ്വദേശികളായ ദമ്പതികളിൽ നിന്ന് പലപ്പോഴായി 15,80,000 രൂപയും, ലണ്ടനിൽ ജോലി തരാമെന്ന് പറഞ്ഞ് ഇവരുടെ ബന്ധുവിൽ നിന്ന് 5,40000 രൂപയും തട്ടിയതായാണ് പരാതി. സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടപ്പുറം സ്വദേശി അജിതയുടെ പരാതിയിൽ കൊണ്ടോട്ടിയിൽ പ്ലാനറ്റ് ആൻഡ് ടൂർസ് എന്ന സ്ഥാപനം നടത്തുന്ന ഷഫ്ന,ജീവനക്കാരൻ ഷഫീക്ക് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ഓസ്ട്രേലിയയിൽ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് തന്നോടും ഭർത്താവ് അലക്സിനോടും പ്രതികൾ 7,90,000 രൂപ വീതം ആവശ്യപ്പെട്ടതെന്നും, ഇതനുസരിച്ച് പലപ്പോഴായി ബാങ്ക് മുഖാന്തരം അത്രയും തുക അയച്ച് നൽകുകയായിരുന്നെന്നും അജിത പൊലീസിന് മൊഴി നൽകി. പിന്നീട് കബളിപ്പിക്കൽ മനസിലായി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്താണ് തങ്ങളുടെ ബന്ധുമായ സ്ത്രീയിൽ നിന്ന് സംഘം പണം തട്ടിയതെന്നും അജിത പൊലീസിനോട് പറഞ്ഞു. അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ഇവർക്കായി അന്വേഷണം തുടങ്ങിയെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.