ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകനും കുടുംബത്തിനും എതിരായ സൈബർ ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞദിവസം അന്തരിച്ച മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനെതിരെയാണ്സൈബർ ആക്രമണമുണ്ടായത്. ഇതിനുപിന്നാലെ എറണാകുളം പ്രസ് ക്ലബ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസിനും പരാതി നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

‘’മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്.

നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ, ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്. മുഖമുള്ളതും ഇല്ലാത്തതുമായ ഐ.ഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നത്?

മുന്‍കാലങ്ങളില്‍ അദ്ദേഹം നല്‍കിയ അന്വേഷണാത്മക വാര്‍ത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യ നിര്‍വഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.

എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം അതീവ ഗൗരവത്തില്‍ പരിഗണിക്കും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല''