ഇന്ന് പുലർച്ചെ മുതൽ ആണ് ഉത്പാദനം നിർത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്. ഇന്നലെ മുതൽ ഡിസംബർ 10 വരെ നിർത്തിവയ്ക്കാൻ ആയിരുന്നു തീരുമാനം. പ്രവർത്തനം നിർത്തുമ്പോൾ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു.
ഇടുക്കി: ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി ഇടുക്കി ജല വൈദ്യുതി നിലയം അടച്ചു. ഇന്ന് മുതൽ ഒരുമാസത്തേക്കാണ് വൈദ്യുതോത്പാദനം നിർത്തിവയ്ക്കുന്നത്. വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെങ്കിലും കുടിവെളള വിതരണം മുടങ്ങാൻ സാധ്യതയുളളതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്തിയെന്ന് ജല വിഭവ വകുപ്പ് അറിയിച്ചു.
കമ്മീഷനിംഗ് ശേഷമുളള ദൈർഘ്യമേറിയ അറ്റകുറ്റപ്പണിയാണ് മൂലമറ്റം ജലവൈദ്യുതി നിലയത്തിൽ നടക്കുന്നത്. രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന ഇൻലെറ്റ് വാൽവിൻ്റെ സീലുകൾ മാറ്റണം, ബട്ടർ ഫ്ലൈ വാൽവിലെ ചോർച്ച പരിഹരിക്കണം- ഇതിനായാണ് ഒരുമാസക്കാലത്തേക്ക് വൈദ്യുതോത്പാദനം നിർത്തിവയ്ക്കുന്നത്. പുലർച്ചയോടെ, പ്രവർത്തനം നിർത്തി. പെൻസ്റ്റോക്ക് പൈപ്പ് മുഴുവൻ കാലിയാക്കിയ ശേഷം അറ്റകുറ്റപ്പണി തുടങ്ങും. വൈദ്യുതി ഉദ്പാദനത്തിൽ കുറവുണ്ടാകുമെങ്കിലും, ഉത്തരേന്ത്യൻ സംസ്ഥാനത്ത് നിന്ന് വൈദ്യുതി എത്തുന്നതിനാൽ വൈദ്യുതി ക്ഷാമം നേരിടില്ല. പക്ഷേ, പെൻസ്റ്റോക് അടക്കുന്നതോടെ, മലങ്കര ജലാശയത്തിലേക്ക് വെളളമെത്തില്ല എന്നതിനാൽ ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കുളള കുടിവെളള വിതരണം പ്രതിസന്ധിയിലായേക്കും. പ്രശ്ന പരിഹാരത്തിനായി മന്ത്രിതല യോഗം കഴിഞ്ഞ ദിവസം തിരുവനനന്തപുരത്ത് ചേർന്നിരുന്നു. കൃഷിക്ക് അധിക ജലം ആവശ്യമില്ലാത്തതിനാൽ പെരിയാർവാലി, മൂവാറ്റുപുഴ വാലി പദ്ധതികളുടെ ജലം കുടിവെള്ളത്തിനായി വിനയോഗിക്കും. മലങ്കര അണക്കെട്ടിൽ നിലവിൽ 10 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. പ്രതിസന്ധി നേരിട്ടാൽ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കണമൊയെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കും. ബദൽ മാർഗങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ അതത് ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർച്ചയായി അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഡിസംബർ 10ന് മുൻപ് വൈദ്യുതി നിലയത്തിന്റെ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.


