ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിന്‍റെ ഗോവണിപ്പടിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിന്‍റെ ഗോവണിപ്പടിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി കുറുന്തോട്ടിക്കണ്ടിയില്‍ മുരളീധരനാണ്(56) മരിച്ചത്. ഇന്ന് രാവിലെയാണ് താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്‍റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ മുരളീധരനെ കണ്ടത്. പഞ്ചായത്ത് ഓഫീസിന് മുന്‍പിലുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് മുരളീധരന്‍. ഓട്ടോയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഫൈനാന്‍സ് ജീവനക്കാര്‍ മുരളീധരനെ തേടി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഉടന്‍ പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

YouTube video player