ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ അഭിഭാഷകയുടെ വീട്ടിൽ വെച്ച് പിടികൂടി. ഒളിവിൽ കഴിയുകയായിരുന്ന ആയങ്കിയെ കുറിച്ച് നിർണായക വിവരം നൽകിയത് ഒരു ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന.

കണ്ണൂർ: ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ കുറിച്ച് നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവറെന്ന് സൂചന. ഓട്ടോയിലാണ് അർജുൻ ആയങ്കി അഭിഭാഷകയുടെ വീട്ടിലെത്തിയത്. സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിരോധിച്ച് പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ച ശേഷമാണ് വനിതാ അഭിഭാഷകയുടെ വീട്ടിൽ നിന്ന് ആയങ്കിയെ പിടികൂടിയത്. അതിനിടെ, പൊലീസ് പിടിയിലായ അർജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ ആയങ്കി പറഞ്ഞു. കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും ആയങ്കി പറഞ്ഞു. കടലിൽ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു. അതേസമയം, അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായും അന്വേഷണം നടക്കുന്നുണ്ട്. വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.

രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ നിന്നാണ് പിടിയിലായത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.

കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണം. ഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി നിരന്തരം രംഗത്ത് വന്നിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.

YouTube video player