Asianet News MalayalamAsianet News Malayalam

റിമാന്‍ഡ് പ്രതി മരിച്ച സംഭവം; രാജ്‍കുമാറിന്‍റെ മൃതദേഹത്തിൽ ചതവുണ്ടെന്ന് പോസ്‍റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്‍കുമാര്‍ മൂന്ന് ദിവസം മുമ്പാണ് മരിച്ചത്. 

Autopsy state that bruise on the boday of deceased
Author
Idukki, First Published Jun 24, 2019, 3:02 PM IST

ഇടുക്കി: ഇടുക്കി പീരുമേട് സബ്ജയിലിൽ റിമാൻഡിലായിരുന്ന പ്രതി മരിച്ചത് കസ്റ്റഡി മർദ്ദനത്തെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കൾ. തെളിവെടുപ്പിനിടെയും രാജ്കുമാറിനെ പൊലീസ് മർദ്ദിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു.  രാജ്കുമാറിന്‍റെ മൃതദേഹത്തിൽ ചതവുണ്ടായിരുന്നെന്നും ഇത് മർദ്ദനത്തെ തുടർന്നാണോ എന്ന് വ്യക്തമല്ലെന്നുമാണ് പോസ്‍റ്റുമോര്‍ട്ടം റിപ്പോർട്ടിലുള്ളത്.

നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്‍കുമാര്‍ മൂന്ന് ദിവസം മുമ്പാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജയിലിൽ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. എന്നാൽ ഈ മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ജൂൺ 16ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. അതേസമയം ജൂൺ 12ന് രാജ്കുമാറിനെ തെളിവെടുപ്പിന് എത്തിച്ചിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.

അവശനിലയിൽ ജയിലിലെത്തിച്ച രാജ്കുമാറിന് കൃത്യസമയത്ത് ചികിത്സ നൽകാത്തതിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു. അറസ്റ്റിനിടെ രക്ഷപ്പെടാൻ ശ്രമിച്ച രാജ്‍കുമാറിനെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ പറ്റിയ പരിക്കുകളാണ് ശരീരത്തിലുള്ളത്, ഇക്കാര്യം അറസ്റ്റ് രേഖകളിൽ പരാമർശിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. നെടുങ്കണ്ടം തൂക്കുപാലത്ത് സ്വാശ്രയസംഘങ്ങൾക്ക് വായ്പ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയോളം രൂപ തട്ടിച്ചെന്നായിരുന്നു വാഗമൺ സ്വദേശി രാജ്‍കുമാറിനെതിരായ കേസ്.

Follow Us:
Download App:
  • android
  • ios