ഇടുക്കി: പൊലീസ് കസ്റ്റഡിയിലിരിക്കവേ കൊല്ലപ്പെട്ട രാജ്‍കുമാറിന്‍റെ മൃതദേഹം ഒരാഴ്ചയ്ക്കകം റീപോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ജുഡിഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമ്മീഷൻ ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും  സഹതടവുകാരില്‍ നിന്നും  മൊഴിയെടുത്തതിന് പിന്നാലെയാണ് പ്രതികരിച്ചത്.

നെടുങ്കണ്ടത്ത് വച്ച് ക്രൂരമർദ്ദനമേറ്റതായി രാജ്‌കുമാർ പറഞ്ഞിരുന്നെന്ന് സഹതടവുകാരന്‍ ജുഡിഷ്യല്‍ കമ്മീഷനോട് വെളിപ്പെടുത്തി. ഈർക്കിൽ, മുളക് പ്രയോഗങ്ങൾ നടന്നതായി രാജ്‌കുമാർ പറഞ്ഞെന്നാണ് സഹതടവുകാരന്‍റെ വെളിപ്പെടുത്തല്‍. 

ജയില്‍ ഡിഐജി നടത്തിയ വകുപ്പ് തല അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഉടന്‍ ആവശ്യപ്പെടുമെന്നും നാരായണക്കുറുപ്പ് പറഞ്ഞു. രാജ്‍കുമാറിന്‍റെ കൊലപാതകത്തിൽ സബ് ജയിൽ അധികൃതരുടെ വീഴ്ച വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും അസിസ്റ്റന്‍റ് ജയിൽ വാർഡനെ സസ്പെൻഡ് ചെയ്യുകയും താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തിരുന്നു.