വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാന്‍ ബോധവത്ക്കരണം ഊര്‍‍ജ്ജിതമാക്കണം – വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: വൈദ്യുതി അപകടങ്ങളുടെ മുഖ്യകാരണം അശ്രദ്ധ, അജ്ഞത, അലംഭാവം എന്നിവയാണെന്നും ഇത് മറികടക്കാന്‍ ബോധവത്ക്കരണം ഊര്‍‍ജ്ജിതമാക്കണമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ മുഖ്യ പങ്ക് വഹിക്കാനാകുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. വൈദ്യുതി അപകട രഹിത ഡിവിഷനുള്ള പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങള്‍‌‍‍‍‍‍‍‍ക്കുണ്ടാകുന്ന വൈദ്യുതി അപകടങ്ങളില്‍ നല്ലൊരു പങ്ക് വൈദ്യുതി ലൈനുകൾക്കുസമീപം ലോഹത്തോട്ടി ഉപയോഗിക്കുമ്പോഴാണ് സംഭവിക്കുന്നത്. ലോഹത്തോട്ടി ഒഴിവാക്കുവാന്‍ ശക്തമായ പ്രചരണം ആവശ്യമാണ്. കൂടാതെ വീടുകള്‍ക്കുള്ളിലുള്ള അപകടങ്ങളും കൂടി വരുന്നു. അപകടങ്ങള്‍ കുറക്കുന്നതിനായി നിശ്ചിത റേറ്റിംഗുള്ള ആർസിസിബി അഥവ ഇഎല്‍സിബി സ്ഥാപിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് വാര്‍ഡ് അടിസ്ഥാനത്തില്‍ അതത് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓവര്‍സീയര്‍ കണ്‍‍വീനറും വാര്‍ഡ് അംഗം ചെയര്‍മാനുമായി വാര്‍‍ഡ്തല ഉപദേശക സമിതി സംസ്ഥാനത്താകെ രൂപീകരിക്കാന്‍‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം സമിതികള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന വൈദ്യുതി സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവയ്ക്ക് പരിഹാരം ഉണ്ടാക്കും.

വൈദ്യുതി അപകടങ്ങള്‍‍‍‍ ഒഴിവാക്കുന്നതിന് ഓരോ സെക്ഷന്‍ ഓഫീസില്‍ നിന്നും ലൈന്‍മാന്‍, ഇലക്ട്രിസിറ്റി വര്‍ക്കര്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്ക് ഒരു മാസം നീണ്ടു നില്‍‍ക്കുന്ന ഊര്‍‍ജ്ജിത സുരക്ഷാ പരിശീലന പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. ദുര്‍ഘട പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ചെന്ന് പ്രവൃ‍ത്തികളിലേര്‍‍പ്പെടുന്നതിലെ കാലതാമസം, ചെലവ്, ബുദ്ധിമുട്ട് എന്നിവ കുറച്ചുകൊണ്ട് ഫീഡര്‍ തകരാര്‍ ഇല്ലാത്ത ഭാഗങ്ങളില്‍ വൈദ്യുതി പെട്ടെന്ന് പുനസ്ഥാപിക്കാനുള്ള റിമോട്ട് ഓപ്പറേറ്റിംഗ് സപ്പോര്‍‍ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 

കെ.എസ്.ഇ.ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍‍ന്ന യോഗത്തില്‍ വിതരണ വിഭാഗം ഡയറക്ടര്‍ പി. സുരേന്ദ്ര സ്വാഗതം ആശംസിച്ചു. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍‍സ്പെക്ടര്‍ വിനോദ് ജി., ഡയറക്ടര്‍മാരായ വി. മുരുഗദാസ്, ബിജു ആര്‍., സജീവ് ജി., സജി പൌലോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചീഫ് സേഫ്റ്റി കമ്മീഷണര്‍ ശാന്തി കെ. നന്ദി രേഖപ്പെടുത്തി. 

2023ൽ ഒരു വൈദ്യുതി അപകടവുമുണ്ടാകാത്ത ഡിവിഷനായി തെരഞ്ഞെടുത്ത കുണ്ടറ ഇലക്ട്രിക്കല്‍ ഡിവിഷനുവേണ്ടി എക്സിക്യൂട്ടീവ് എന്‍‍ജിനീയര്‍ ബൈജു ആർ. പുരസ്കാരം ഏറ്റുവാങ്ങി. റിമോട്ട് ഓപ്പറേറ്റിംഗ് സപ്പോര്‍‍ട്ട് സംവിധാനം വികസിപ്പിച്ച ഇടപ്പോൺ റിലെ സബ്ഡിവിഷൻ അസിസ്റ്റന്റ് എന്‍‍ജിനീയര്‍ ഡോ. കൃഷ്ണകുമാര്‍ എം.-നും മന്ത്രി പുരസ്കാരം നല്‍കി.

സംസ്ഥാനത്ത് ഇന്ന് 15 മിനിറ്റ് വൈദ്യുതി മുടങ്ങും: മൈതോണിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവ് കാരണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം