മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുളള വസ്തുവില്‍ അനുമതിയില്ലാതെ നിര്‍മിച്ച റോപ്‍വേ പൊളിച്ചുനീക്കുന്ന നടപടി ഇന്നും തുടരും. 

മലപ്പുറം: എംഎല്‍എ പി വി അൻവറിന്‍റെ (P V Anvar) ഒന്നരയേക്കറോളം ഭൂമി ജപ്തി ചെയ്ത് ആക്സിസ് ബാങ്ക് (Axis Bank). കടമെടുത്ത വകയിൽ ഒരു കോടി 18 ലക്ഷം രൂപ കുടിശ്ശിക ആയതോടെയാണ് ബാങ്കിന്‍റെ നടപടി. ആക്സിസ് ബാങ്ക് പത്രപരസ്യം നൽകിയാണ് എംഎൽഎയുടെ ഭൂമി ജപ്തി ചെയ്യുകയാണെന്നറിയിച്ചത്. മലപ്പുറം തൃക്കലങ്ങോട് വില്ലേജിലാണ് ഭൂമി. ഒരേക്കർ 40 സെന്‍റ് ഭൂമി ഏറ്റെടുക്കുകയാണെന്നും ഉടമയ്ക്ക് അവകാശമില്ലെന്നുമാണ് അറിയിപ്പ്. നോട്ടീസ് അൻവറിന് ആഗസ്റ്റിൽ തന്നെ കൈമാറിയിരുന്നു. കേരളത്തിൽ ആദ്യമായല്ല ഒരു വ്യവസായി ഭൂമി പണയം വെച്ചതെന്നും ജപ്തി സഹിച്ചോളാമെന്നും അൻവർ ഫേസ് ബൂക്കിലൂടെ പ്രതികരിച്ചു. ഭൂപരിധി ലംഘിച്ച് അൻവ‍ർ ഭൂമി കൈവശം വെക്കുന്നു എന്ന പരാതി നിലവില്‍ ലാന്റ് ബോർഡിന് മുമ്പാകെയുണ്ട് .

അതേസമയം മലപ്പുറം ഈർങ്ങാട്ടിരിയിൽ അൻവറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുള്ള ഭൂമിയിൽ നിന്ന് ഓംബുഡ്സ് മാന്‍റെ ഉത്തരവനുസരിച്ച് റോപ്പ് വേ പൊളിക്കുന്നത് തുടരുകയാണ്. മൂന്ന് മലകളിലായി സ്ഥാപിച്ച ഇരുമ്പ് തൂണുകൾ മുറിച്ച് മാറ്റി. കോൺക്രീറ്റ് അടിത്തറകളാണ് ഇനി പൊളിക്കുക. ജൂലൈ 12 ന് തന്നെ ഉത്തരവ് വന്നെങ്കിലും അൻവറിന് കോടതിയെ സമീപിച്ച് നടപടി തടയാനുള്ള സമയം പഞ്ചായത്ത് അനുവദിച്ചിരുന്നു. സ്റ്റേ ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഫെബ്രുവരി ആദ്യം തളളുന്നത് വരെ കാത്തിരുന്നതിന് ശേഷമാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.